ഗ്യാസിൽ പൊള്ളി ഹോട്ടലുകൾ


സ്വന്തം ലേഖകൻ
Published on May 04, 2026, 12:00 AM | 1 min read
പാലക്കാട്
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ഹോട്ടൽ മേഖലയുടെ നട്ടെല്ലൊടിക്കുന്നു. പാചകവാതക ക്ഷാമംമൂലം ജില്ലയിലെ 30ശതമാനം ചെറുകിട ഹോട്ടലുകൾ പൂട്ടിയിരുന്നു. വിഭവങ്ങൾ വെട്ടിക്കുറച്ചും വിറകടുപ്പും റോക്കറ്റടുപ്പും ഉപയോഗിച്ചുമാണ് വൻകിട, ഇടത്തരം ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയത് പ്രതിസന്ധി വർധിപ്പിച്ചു. മൂന്ന് മാസംമുമ്പുവരെ 1549 രൂപയായിരുന്നു ഇൗടാക്കിയത്. അതുപിന്നീട് 1740 രൂപയാക്കി. പശ്‌ചിമേഷ്യൻ യുദ്ധം തുടങ്ങിയശേഷം ഫെബ്രുവരി രണ്ടാംവാരം 100 രൂപയും മാർച്ച് രണ്ടാംവാരം 197 രൂപയും കൂട്ടി. അതിനുപുറമെയാണ് 993 രൂപയുടെ വർധന. ചുരുക്കത്തിൽ രണ്ടുമാസത്തിനകം 1400 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. പൊറോട്ട, ചൈനീസ് വിഭവങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഇടത്തരം ഹോട്ടലുകൾക്ക് ഒരുദിവസം അഞ്ച് സിലിണ്ടർ വേണ്ടിവരും. ഇതിന് 5000 രൂപ അധികം നൽകേണ്ടിവരുന്നത് താങ്ങാൻ കഴിയില്ല. ഒരു ടൺ വിറകിന് 2200–2300 രൂപയുണ്ടായിരുന്നത് 6000മുതൽ 7000വരെ ആയി. ഞായറാഴ്‌ച 9000 രൂപയാണ് വിറകിന്റെ വില. ബാങ്ക് വായ്‌പ ഉൾപ്പെടെ ബാധ്യതകൾ ഉള്ള പല ഹോട്ടലുടമകളും 4500 രൂപയ്‌ക്കുമുകളിൽ നൽകി -സ്വകാര്യ കമ്പനികളിൽനിന്ന് സിലിണ്ടർ വാങ്ങേണ്ട അവസ്ഥയിലാണ്. കനത്ത ചൂട് കാരണം വിനോദസഞ്ചാരികൾ കുറയുന്നതുൾപ്പെടെ പ്രശ്‌നങ്ങളുള്ളപ്പോഴാണ് കേന്ദ്രത്തിന്റെ ഇരുട്ടടിയെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു പറഞ്ഞു.
സംയുക്ത പ്രക്ഷോഭം വേണം
പാലക്കാട് പാചകവാതക വില വർധിപ്പിച്ചുള്ള കേന്ദ്ര സർക്കാരിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ഹോട്ടൽ ജീവനക്കാരും ജനങ്ങളും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ഹോട്ടൽ ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു). പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ വ്യവസായം തകർച്ചയിലാണ്. ചെറുതും വലുതുമായ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. ഈ സാഹചര്യത്തിലാണ് വീണ്ടും വില ഉയർത്തിയത്. ഇൗ ഘട്ടത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് എം ഹംസ, സെക്രട്ടറി പി ജി രാംദാസ് എന്നിവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.










0 comments