പാചകവാതക പ്രതിസന്ധി രൂക്ഷം
മുടങ്ങുമോ, ഉച്ചഭക്ഷണം

സ്വന്തം ലേഖകൻ
പാലക്കാട്
പാചകവാതക ക്ഷാമം സ്കൂൾ കുട്ടികളുടെ അന്നംമുട്ടിക്കുമെന്ന് ആശങ്ക. ജില്ലയിലെ ഭൂരിപക്ഷം സ്‌കൂളുകളും കുട്ടികൾക്ക് എങ്ങനെ ഉച്ചഭക്ഷണം ഒരുക്കുമെന്ന പ്രതിസന്ധി നേരിടുകയാണ്. സാധനങ്ങളുടെ വിലക്കയറ്റമുണ്ടാക്കിയ പ്രയാസങ്ങൾക്ക് പിന്നാലെയാണ് ഇടിത്തീപോലെ പാചകവാതക ക്ഷാമം രൂക്ഷമായത്. പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്താത്തതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന വലിയ സ്‌കൂളുകളിൽ ഒരുമാസം നാലുമുതൽ ആറുവരെ സിലിണ്ടർ വേണ്ടിവരും. ആയിരത്തിൽ താഴെ കുട്ടികളുള്ള സ്‌കൂളുകളിൽപോലും മാസം ഒന്നുമുതൽ നാലുവരെ സിലിണ്ടർ വേണം. സ്മാർട്ട് ക്ലാസ് റൂമുകളായതിനാൽ വിറകടുപ്പ് ഉപയോഗിക്കരുതെന്ന സർക്കാർ നിർദേശവുമുണ്ട്. വിറക് കിട്ടാത്ത പ്രശ്‌നവുമുണ്ട്. മഴ പെയ്യുന്ന സമയങ്ങളിൽ വിറക് നനയാതെ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതും പ്രതിസന്ധി കൂട്ടുന്നു. സിലിണ്ടറിന് 3,800 മുതൽ 4,500 രൂപവരെ കൊടുക്കേണ്ട അവസ്ഥയിലാണ് സ്‌കൂളുകൾ. പിടിഎയുടെയും മറ്റും സഹായത്തോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തിയാൽതന്നെ സിലിണ്ടർ കിട്ടാനില്ലെന്നതും പ്രശ്‌നമാണ്. ജില്ലയിൽ അട്ടപ്പാടി, അഗളി ഉൾപ്പെടെയുള്ള മേഖലകളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്ന നിരവധി കുട്ടികളുണ്ട്. ഉച്ചഭക്ഷണം മുടങ്ങിയാൽ ഇൗ കുട്ടികൾ പട്ടിണിയിലാകും. ഇപ്പോൾത്തന്നെ പല സ്‌കൂളുകളിലും അധ്യാപകർ കൈയിൽനിന്ന് പണം ചെലവഴിച്ചാണ് ഉച്ചഭക്ഷണ വിതരണം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. പാചകവാതക പ്രതിസന്ധിയിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കെഎസ്‌ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉച്ചഭക്ഷണ ചെലവിന് കൂടുതൽ തുക അനുവദിക്കണമെന്നും കെഎസ്‌ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പരിഹാരം കണ്ടില്ലെങ്കിൽ ശമ്പളത്തിൽനിന്ന് തുക വിനിയോഗിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകർ.










0 comments