വാണിജ്യസിലിണ്ടർ വിലവർധനയ്ക്ക് പിന്നാലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വിലകൂട്ടി
തൊട്ടാൽ പൊള്ളും

സ്വന്തം ലേഖിക
Published on May 10, 2026, 12:38 AM | 1 min read
പാലക്കാട്
മഴയത്തൊരു ചായ കുടിക്കാമെന്ന് ഓർത്താൽ പൊള്ളുന്ന വിലയാണ്. കേന്ദ്രസർക്കാരിന്റെ വാണിജ്യസിലിണ്ടർ വിലവർധനയിൽ പിടിച്ചുനിൽക്കാൻ ഹോട്ടലുകൾ ഭക്ഷണസാധനങ്ങളുടെ വിലകൂട്ടിയത് സാധാരണക്കാർക്ക് തിരിച്ചടിയായി. ചായക്ക് അഞ്ചു രൂപ വരെയാണ് കൂട്ടിയത്. ഓരോ കടയിലും വ്യത്യസ്ത വില. 12 രൂപയായിരുന്നിടത്ത് 16 രൂപയായും 15 രൂപയായിരുന്നിടത്ത് 18 ആയും കൂട്ടി. ചായയിൽ അഞ്ച് രൂപയുടെ ബൂസ്റ്റോ ഹോർലിക്സോ ഇടണമെങ്കിൽ ഒറ്റയടിക്ക് വില 35 കടക്കും. ഇതെല്ലാം, ഒഴിവാക്കി കടി മാത്രം കഴിക്കാമെന്ന് കരുതിയാൽ ഉഴുന്നുവടയ്ക്ക് 15 രൂപ കൊടുക്കണം. ഉൗണിനും ബിരിയാണിക്കും ദോശയ്ക്കും ചൂടുവിലയാണ്. ഉൗണിന് 30 രൂപ വരെ കൂടിയിട്ടുണ്ട്. പാചകവാതക പ്രതിസന്ധിയിൽ ഭക്ഷണസാധനങ്ങൾക്ക് വരുത്തിയ താൽക്കാലിക വിലവർധനയ്ക്ക് പുറമേയാണിത്. കഴിഞ്ഞമാസം സിലിണ്ടറുകൾ കിട്ടാതായതോടെ അഞ്ചു രൂപ വരെ വർധിപ്പിച്ചിരുന്നു. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാനല്ല വിലവർധനയെന്നും പിടിച്ചു നിൽക്കാൻ വേറെ മാർഗമില്ലെന്നും ഹോട്ടലുടമകൾ പറയുന്നു. കരിഞ്ചന്തയിൽനിന്ന് 3,000 രൂപയ്ക്ക് മുകളിലാണ് സിലിണ്ടറുകൾക്ക് ഇൗടാക്കിയിരുന്നത്. ഇനിയും കടകൾ അടച്ചിടുന്നത് ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും പട്ടിണിയിലാക്കും. പാചകവാതക ക്ഷാമത്തിൽ ജില്ലയിലെ ചെറുകിട ഹോട്ടലുകളിൽ 30 ശതമാനവും പൂട്ടിയിരുന്നു. വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചും വിറകടുപ്പുകളിലേക്ക് മാറിയുമാണ് വൻകിട- –ഇടത്തരം ഹോട്ടലുകൾ പിടിച്ചുനിൽക്കുന്നത്. വായ്‌പാ തിരിച്ചടവുകളും ദൈനംദിന ചെലവുകളും മുടങ്ങിയതോടെ പലരും മറ്റുജോലികൾ തേടിപ്പോകാൻ നിർബന്ധിതരായി.
രണ്ടുമാസം കൂട്ടിയത് 1,400 രൂപ
വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രസർക്കാർ കൂട്ടിയത്. മൂന്ന് മാസംമുമ്പുവരെ 1,549 രൂപയായിരുന്നു ഇൗടാക്കിയത്. അതുപിന്നീട് 1740 രൂപയാക്കി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയശേഷം ഫെബ്രുവരി രണ്ടാംവാരം 100 രൂപയും മാർച്ച് രണ്ടാംവാരം 197 രൂപയും കൂട്ടി. അതിനുപുറമെയാണ് 993 രൂപയുടെ വർധന. ചുരുക്കത്തിൽ രണ്ടുമാസത്തിനകം 1400 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. പ്രതിദിനം ശരാശരി അഞ്ച് സിലിണ്ടറുകൾ ആവശ്യമുള്ള ഇടത്തരം ഹോട്ടലുകൾക്ക് മാത്രം ദിവസേന 5000 രൂപയുടെ അധിക ബാധ്യതയാണ് ഇത് വരുത്തുന്നത്.










0 comments