തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം
ആശങ്ക, പ്രതിഷേധം

ആശങ്ക, പ്രതിഷേധം
സ്വന്തം ലേഖകൻ
പാലക്കാട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവും ആശങ്കയും ശക്തം. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരായ തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ബിൽ. സ്വന്തമായി വരുമാനമുണ്ടാക്കി അവനവന്റെ കാര്യങ്ങൾ ആരെയും ആശ്രയിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിരുന്ന ലക്ഷങ്ങളാണ് കേന്ദ്രനീക്കത്തിൽ ആശങ്കയിലായത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരുദിവസം 369 രൂപയാണ് കൂലി. ആറ് തൊഴിൽദിനം കിട്ടിയാൽ ആഴ്‌ചയിൽ 2,214 രൂപ കിട്ടും. 2024–25 വർഷത്തിൽ ജില്ലയിൽ 1,49,878 കുടുംബങ്ങൾക്കാണ് പദ്ധതിവഴി തൊഴിൽ ഉറപ്പാക്കിയത്. 76,70,892 തൊഴിൽദിനം നൽകി. 25,451 പേർക്ക് 100 തൊഴിൽദിനം ഉറപ്പാക്കി. 2025–26 വർഷത്തിൽ ഇതുവരെ 1,24,504 കുടുംബങ്ങൾക്ക് തൊഴിലും 35,62,627 തൊഴിൽദിനങ്ങളും ഉറപ്പാക്കി. ഇതാണ് കേന്ദ്രസർക്കാർ പുതിയ ബില്ലിലൂടെ തകർക്കുന്നത്. വികസിത് ഭാരത്–ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ 2025 (വിബി ജി റാം ജി ബിൽ) വഴിയാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയുടെ നട്ടെല്ലൊടിക്കുന്നത്. പുതിയ ബിൽ പ്രകാരം പദ്ധതിയുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം. ഇതുമൂലം വർഷം 1,600 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമാകുക. നേരത്തേ ഇത് 90:10 എന്ന അനുപാതത്തിലായിരുന്നു. 125 തൊഴിൽദിനങ്ങൾ നൽകണമെന്നാണ് ബില്ലിൽ പറയുന്നത്. എന്നാൽ, ഇത് അവകാശമല്ല. നിലിവിൽ 100 തൊഴിൽദിനം തൊഴിലാളിയുടെ അവകാശമായിരുന്നു. ബജറ്റ് വിഹിതം കുറച്ചും വേതനം വൈകിപ്പിച്ചും നേരത്തേതന്നെ കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.










0 comments