സംസ്ഥാന നേതൃത്വത്തിന് പരാതി
ബിജെപി ഇൗസ്‌റ്റ് ജില്ലാ കമ്മിറ്റിയിൽ തട്ടിപ്പുകാരും കള്ളപ്പണക്കാരും

പ്രത്യേക ലേഖകൻ
Published on Oct 05, 2025, 12:14 AM | 1 min read
പാലക്കാട്
ബിജെപി പാലക്കാട് ഇൗസ്‌റ്റ് ജില്ലാ കമ്മിറ്റി പുനഃസംഘടനയിൽ കള്ളപ്പണം കടത്തിയതിന് അറസ്‌റ്റിലായ ആളെയും റിയൽ എസ്‌റ്റേറ്റ് തട്ടിപ്പുകാരനെയും ഉൾപ്പെടുത്തിയതിൽ അമർഷം പുകയുന്നു. കള്ളപ്പണം കടത്തിയ കേസിൽ അറസ്‌റ്റിലായതിനെ തുടർന്ന് മണ്ഡലം ചുമതലയിൽനിന്ന് ഒഴിവാക്കിയയാളും റിയൽ എസ്‌റ്റേറ്റ് കന്പനിയുടെ പേരിൽ 24 കോടി രൂപ തട്ടിയ കേസിലെ പ്രതിയുമാണ് ഇൗസ്‌റ്റ് ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചത്. അതേസമയം, സജീവമായി പ്രവർത്തിച്ച നേതാക്കളെ മാറ്റിനിർത്തുകയും ചെയ്‌തു. ബംഗളൂരുവിൽനിന്ന് കള്ളപ്പണം കടത്തിയതിന് അറസ്‌റ്റിലായ വണ്ടാഴി സ്വദേശി ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. അറസ്‌റ്റിലായതിനെ തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. മധുര കേന്ദ്രമായ റിയൽ എസ്‌റ്റേറ്റ് കന്പനിയുടെ മറവിൽ നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരിട്ടി നൽകാമെന്ന് വാഗ്‌ദാനം നൽകി മുന്നൂറോളം പേരിൽനിന്ന് 24 കോടി തട്ടിയെടുത്തു. ബിഎംഎസിന്റെ ചുമതലയുണ്ടായിരുന്ന ഇയാൾ ആലത്തൂർ സ്വദേശിയാണ്. ആലത്തൂരിലെ നേതാവിനെതിരെ 16 പേരാണ് നിക്ഷേപത്തട്ടിപ്പിന് ഇരയായതായി പൊലീസിൽ പരാതി നൽകിയത്. മണ്ഡലം ജനറൽ സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ എന്നിവരോട് ആലോചിച്ചില്ലെന്നും അവർ നൽകിയ പട്ടിക തള്ളി ഇൗസ്‌റ്റ് ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായി കമ്മിറ്റി അംഗങ്ങളെ നിശ്‌ചയിക്കുകയായിരുന്നുവെന്നാണ് വിമർശം. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശം. പുനഃസംഘടനയിൽ അതൃപ്‌തിയുള്ള മണ്ഡലം ഭാരവാഹികൾ യോഗം ബഹിഷ്‌കരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 175 പേർ പങ്കെടുക്കേണ്ടിടത്ത് എത്തിയത് 100ൽ താഴെമാത്രം. 12 മണ്ഡലം പ്രസിഡന്റുമാരിൽ എട്ടുപേർ വിട്ടുനിന്നു.









0 comments