കല്ലിട്ടിട്ട് 14 വർഷം
കോച്ച് ഫാക്ടറിയെവിടെ?

കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി

സ്വന്തം ലേഖകൻ
Published on Feb 20, 2026, 01:00 AM | 1 min read
പാലക്കാട്
മാറിവന്ന കേന്ദ്ര സർക്കാരുകളുടെ കൊടിയ വഞ്ചനയുടെ കഥ പറയും കോച്ച് ഫാക്ടറിക്കായി കോട്ടമൈതാനത്തിട്ട തറക്കല്ല്. കോൺഗ്രസും ബിജെപിയുമെല്ലാം രാഷ്ട്രീയ മുതലെടുപ്പിന് തെരഞ്ഞെടുപ്പുകാലത്ത് ഉയർത്തിക്കൊണ്ടുവരുന്ന ആയുധമായിരുന്നു കോച്ച് ഫാക്ടറിയെങ്കിൽ ഞങ്ങൾക്ക് പ്രഖ്യാപിക്കാനല്ലേ അറിയൂ, നടപ്പാക്കാൻ കഴിയില്ലല്ലോ എന്നതാണ് ഇപ്പോൾ അവരുടെ ഭാഷ്യം. കഞ്ചിക്കോട്ട് കോച്ച് ഫാക്‌ടറിക്കായി കല്ലിട്ടിട്ട് ശനിയാഴ്‌ച 14 വർഷമാകും. 1982-ൽ കോട്ടമൈതാനത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വാഗ്‌ദാനം നൽകിയ ഫാക്ടറിക്കുവേണ്ടിയാണ് 44 വർഷത്തിനിപ്പുറവും പാലക്കാട്ടുകാർ കാത്തിരിക്കുന്നത്. ഇന്ദിരാഗാന്ധി മനഃപൂർവം മറന്ന കോച്ച് ഫാക്ടറി ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് വീണ്ടും ചർച്ചയായത്. പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപീകരിക്കുന്നതിന് പ്രത്യുപകാരമായി കോച്ച് ഫാക്ടറി തരാമെന്ന് കേന്ദ്രം വാഗ്‌ദാനം നൽകി. 2008ലെ റെയിൽവേ ബജറ്റിൽ പാലക്കാടും റായ്‌ബറേലിയിലും കോച്ച് ഫാക്ടറികൾ പ്രഖ്യാപിച്ചു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് സർക്കാർ 239 ഏക്കർ സ്ഥലം കഞ്ചിക്കോട് ഏറ്റെടുത്തുനൽകി. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 2012ൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫെബ്രുവരി 21ന് അന്നത്തെ റെയിൽവേ മന്ത്രി ദിനേഷ്ത്രിവേദിയെ കൊണ്ടുവന്ന് പാലക്കാട് കോട്ടമൈതാനത്ത് തറക്കല്ലിട്ടു. ഇന്ന് കല്ലുപോലും കാണാനില്ല. പാലക്കാടിന്റെ എംപിയായിരുന്ന എം ബി രാജേഷ് മുൻകൈയെടുത്ത് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡുമായി(സെയിൽ) ചർച്ചനടത്തി സംയുക്ത സംരംഭത്തിന് ശ്രമിച്ചു. കഞ്ചിക്കോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെമലും റെയിൽവേയുംചേർന്ന് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള വിശദമായ പദ്ധതി റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ റെയിൽവേയ്‌ക്ക് കോച്ചുകൾ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കഞ്ചിക്കോട് നടത്തിയ പ്രസംഗത്തിൽ കോച്ച് ഫാക്ടറി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്തവണത്തെ കേന്ദ്രബജറ്റിലും ഫാക്ടറിക്കായി തുക അനുവദിച്ചിട്ടില്ല.










0 comments