ക്ഷേമ പദ്ധതികൾ പാഴ്‌വാക്കായി; നിര്‍ധനര്‍ക്ക് പട്ടിണിയോണം

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : ഓണമെത്തിയിട്ടും സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികൾ എങ്ങുമെത്താത്തതിനാല്‍ സംസ്ഥാനത്തെ നിര്‍ധന വിഭാഗങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍.
ഇത്തവണ ഓണമാഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ആദിവാസി വിഭാഗങ്ങള്‍ മുതല്‍ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ വരെ. ഓണക്കിറ്റ് മുതൽ പ്രവാസി ക്ഷേമനിധി പെൻഷൻ വരെ അവതാളത്തിലായിരിക്കുകയാണ്.
പട്ടിണിയോണം
അവശ്യസാധനങ്ങൾക്ക് വില കുതിച്ചുർന്നിട്ടും പെതുവിപണി വിൽപ്പന കാര്യക്ഷമമാക്കാൻ സർക്കാർ ചെറുവിരൽ പോലും അനക്കിയില്ല. ഓണക്കിറ്റ് വിതരണം തുടക്കം മുതൽ തന്നെ പാളിയിരുന്നു. റേഷൻകടകളിൽ കൃത്യസമയത്ത് സ്റ്റോക്ക് എത്തിക്കാത്തതിനാൽ ഈ മാസം പത്ത് മുതൽ വിതരണം ചെയ്യേണ്ട ഭക്ഷ്യക്കിറ്റ് വിതരണം മന്ദഗതിയിലായി. സർക്കാർ പ്രഖ്യാപനം വിശ്വസിച്ചെത്തിയവർ നിരാശയോടെ മടങ്ങേണ്ടി വന്നു. മഞ്ഞ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഓണക്കിറ്റ് നൽകുക. എന്നാൽ അതും കൃത്യമായി നടപ്പാക്കാൻ സർക്കാരിനായില്ല. വിലക്കയറ്റം തടയാനെന്ന് കൊട്ടിഘോഷിച്ച സ്പെഷ്യൽ അരി വിതരണവും പൂർത്തിയായില്ല.
പിങ്ക് കാർഡിന് മൂന്നുകിലോ അരിയും നീല, വെള്ള കാർഡുകാർക്ക് പത്തുകിലോ സ്‌പെഷൽ അരിയും കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴക്കെടുതി രൂക്ഷമായിരുന്ന വടക്കൻ ജില്ലകളിൽപോലും കൃത്യമായി കിറ്റ് വിതരണം നടത്താനായിട്ടില്ല. വിപണിയിൽ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ പിന്നെ ആശ്രയിക്കുക സപ്ലൈക്കോകളെയാണ്. എന്നാൽ ഇത്തവണ സപ്ലൈക്കോയിലെ സാധനദൗർലഭ്യം കാരണം അതിനും കഴിയാതെ വന്നു.
കര്‍ഷകസഹായമില്ല
ഈ ഓണക്കാലത്ത് ഏറ്റവും കൂടുതൽ തഴയപ്പെട്ട മറ്റൊരു വിഭാഗം കർഷകരാണ്. ഓണവിഭവങ്ങൾക്കായി മണ്ണിലിറങ്ങി കൃഷി ചെയ്തവർക്ക് ഓണമാഘോഷിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാലവർഷക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് ഇനിയും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. വിള ഇൻഷുറൻസ് കുടിശ്ശിക ഇനത്തിൽ 41 കോടിയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. എസ്‌ഡിആർഎഫ് ഫണ്ടിൽ 101 കോടി രൂപയുടെ കേന്ദ്ര കുടിശ്ശികയുമുണ്ട്. 127. 61 കോടി രൂപയുടെ നഷ്ടമാണ് ഈ വർഷം മഴക്കെടുതി മൂലം സംസ്ഥാനത്തുണ്ടായത്. ഓണക്കാലം ലക്ഷ്യമിട്ടുള്ള നിരവധി കൃഷിയാണ് മിന്നൽപ്രളയത്തിലും മഴയിലും നശിച്ചത്.
കർഷകർക്ക് സഹായം നൽകുന്നതിന് പകരം അവരെ അവഗണിക്കുന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടപ്പോൾ വി ഡി സതീശൻ സർക്കാർ പ്രതികരിച്ചതേയില്ല. എസ്‌ഡിആർഎഫ് ഫണ്ട് കേന്ദ്രം അനുവദിച്ചപ്പോൾ പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കി. കാർഷിക നഷ്ടം വിലയിരുത്താൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചപ്പോഴും കേരളത്തെ അവഗണിച്ചു. ഇപ്പോഴിതാ, കൃഷിനാശം സംഭവിച്ചവർക്ക് നഷ്‌ടപരിഹാരം സമർപ്പിക്കാനുള്ള എയിംസ് (അഗ്രികൾച്ചർ മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം) തകരാറിലാണ്. അപേക്ഷ നൽകാൻ കഴിയാതെയായാൽ ധനസഹായം മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.
പ്രവാസി പെന്‍ഷനും അവതാളത്തില്‍
സംസ്ഥാനത്തെ ഒരു ലക്ഷംവരുന്ന പ്രവാസികൾക്കും ഇത്തവണ ഓണമാഘോഷിക്കാൻ നിവൃത്തിയില്ല. മൂന്നുമാസത്തെ പെൻഷനാണ് യുഡിഎഫ് സർക്കാർ കുടിശികയാക്കിയത്. ഇത് തീർക്കാൻ 112 കോടി ആവശ്യമെന്നിരിക്കെ 32 കോടിയാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം പ്രവാസികളിൽ 30 ശതമാനത്തിൽ താഴെ മാത്രം പേർ ഓണമാഘോഷിച്ചാൽ മതിയെന്നും ബാക്കിയുള്ളവർക്ക് പട്ടിണിയോണവും ആകട്ടെയെന്നാണ് സർക്കാരിന്റെ തീരുമാനം. ഇങ്ങനെയൊരു അവസ്ഥ പ്രവാസി പെൻഷൻകാർക്ക് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. അംശദായം അടച്ച് ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് മാസം 3000 രൂപ മുതൽ 7000 രൂപവരെയാണ് പെൻഷൻ. ഒരു മാസം പെൻഷൻ നൽകുന്നതിന് 35 കോടിയോളം വേണം. അധികമായി വേണ്ടിവരുന്ന തുക ക്ഷേമനിധി ബോർഡിന് സർക്കാർ അനുവദിക്കുകയാണ് പതിവ്.
പട്ടികവർഗത്തോടും അവഗണന
കേരളത്തിലെ പട്ടികവർഗ കുടുംബങ്ങളുടെ അവസ്ഥയും സമാനമാണ്. പട്ടികവർഗ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം നൽകിയിരുന്ന പദ്ധതി നിർത്തലാക്കി യുഡിഎഫ് സർക്കാർ ഓണക്കോടി വിതരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഓണമായിട്ടും വിതരണം നടക്കാതെ വന്നതോടെ പദ്ധതിയിലുണ്ടായ പാളിച്ച മറച്ചുവെയ്ക്കാനായി ഉത്തരവ് തിരുത്തി വീണ്ടും പണം നൽകാൻ തീരുമാനിച്ചു. ശനിയാഴ്ചയാണ് ഉത്തരവിൽ മാറ്റംവരുത്തിയത്. അക്കൗണ്ടുകൾ വഴി പണമെത്തിക്കാനാണ് തീരുമാനം. ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ പണമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഓണാവധിയാണ്. ചുരുക്കത്തിൽ ഈ ഓണസമയത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് പണം ലഭിക്കില്ല.
പട്ടികവർഗ വിഭാഗങ്ങൾക്ക് പണമെത്തിക്കുമ്പോൾ അവർ എങ്ങനെ അത് വിനിയോഗിക്കുമെന്നതിലും ആശങ്കയുണ്ട്. മാത്രമല്ല, ഊരുകളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് ബാങ്കിനെ സമീപിക്കുക എന്നതും എളുപ്പമല്ല. ആദിവാസി ഉന്നതികളിലെ അരിവാൾ രോഗികളോടും സർക്കാർ അവഗണന കാട്ടുകയാണ്. മരുന്നും പോഷകാഹാരവും മുടങ്ങാൻ പാടില്ലാത്ത രോഗികൾക്ക് ഇതുവരെയും പെൻഷൻ തുക നൽകിയിട്ടില്ല.
അധികാരത്തിലേറിയപ്പോൾ പ്രഖ്യാപിച്ച ഓണക്ഷേമ പദ്ധതികളൊന്നും സർക്കാർ പ്രാവർത്തികമാക്കിയില്ല. സഹായങ്ങൾ നൽകുന്നതിന് പകരം
സാധാരണക്കാര്‍ക്ക് തിരിച്ചടിയെന്നോണം ദുരിതം വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്.










0 comments