ഓണപ്പരീക്ഷ കഴിഞ്ഞു; പകുതിയോളം കുട്ടികൾക്ക് സൗജന്യ യൂണിഫോം കിട്ടിയില്ല


പി എസ് മഞ്ജരി
Published on Aug 24, 2026, 01:06 PM | 2 min read
തിരുവനന്തപുരം : സ്കൂളുകൾ തുറന്ന് ഓണപ്പരീക്ഷ കഴിഞ്ഞിട്ടും പൊതുവിദ്യാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പൂർത്തിയാക്കാതെ സർക്കാർ. സംസ്ഥാനത്താകെ ഏകദേശം 50 ശതമാനത്തോളം സ്കൂളുകളിൽ യൂണിഫോം വിതരണം ചെയ്യാനുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ കൃത്യമായ കണക്ക് ഇതുവരെ സർക്കാർ പുറത്തുവിടുന്നില്ല.
പൊതുവിദ്യാഭ്യാസ വകുപ്പും കൈത്തറി വകുപ്പും സംയുക്തമായാണ് സൗജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്യുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് ഏപ്രിൽ, മെയ് മാസങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയെങ്കിലേ ജൂൺ അവസാനമാകുമ്പോഴേക്കും യൂണിഫോം വിതരണം പൂർത്തിയാക്കാൻ കഴിയൂ. പുതിയ സർക്കാർ നിലവിൽ വന്നിട്ടും സൗജന്യ യൂണിഫോം പദ്ധതിയുടെ ആസൂത്രണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഇതിന് പ്രധാന കാരണം.
കൈത്തറി സൊസൈറ്റികൾക്ക് തുക അനുവദിക്കാത്തതും അനാസ്ഥയുടെ ആക്കം കൂട്ടി. തമിഴ്നാട്ടിൽ നിന്നും ഡൈ ചെയ്ത് ലഭിച്ചിരുന്ന നൂലുകൾ കുടിശ്ശിക നൽകാൻ കഴിയാത്തതിനെ തുടർന്ന് വൈകിയതാണ് ഉല്പാദനം വൈകാൻ മറ്റൊരു കാരണം. കൈത്തറി തൊഴിലാളികൾക്ക് ഈ അധ്യയന വർഷത്തെ യൂണിഫോം ഉല്പാദിപ്പിക്കാനുള്ള തുക പകുതിയെങ്കിലും അനുവദിച്ചത് തന്നെ ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ്. മാത്രമല്ല, ആദ്യ ബജറ്റിൽ തന്നെ അടുത്ത അധ്യയന വർഷത്തേക്കുള്ള തുക 70 കോടിയിൽ നിന്ന് 56 കോടിയായി വെട്ടിക്കുറക്കുകയും ചെയ്തു യുഡിഎഫ് സർക്കാർ.
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്നതിനൊപ്പം സംസ്ഥാനത്തെ കൈത്തറി തൊഴിലാളികളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് എൽഡിഎഫ് സർക്കാർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സർക്കാർ എൽപി, യുപി സ്‌കൂളുകളിലും എയ്‌ഡഡ് എൽപി സ്‌കൂളുകളിലും കുട്ടികൾക്ക് യൂണിഫോമിനായുള്ള തുണി നൽകുന്നുണ്ട്. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്നത്. കൈത്തറി യൂണിഫോം ലഭിക്കാത്ത പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവന്‍സും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകുന്നുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത സർക്കാർ ഹൈസ്കൂളുകളിലെ ബിപിഎൽ മുഴുവൻ കുട്ടികൾക്കും, എസ്‍സി/എസ്ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും എസ്എസ്കെയാണ് യൂണിഫോം തുക നല്‍കുന്നത്.
സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന തുണികളാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി വിതരണം ചെയ്യുന്നത്. 2026-27 അധ്യയന വർഷത്തിൽ സമ്പൂർണയിലെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യം 8,00,193 കുട്ടികൾക്കായിരുന്നു സൗജന്യ യൂണിഫോം വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഈ അധ്യയന വർഷത്തെ അഡ്മിഷൻ പൂർത്തിയായതോടെ കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഹാൻടെക്സ് വഴിയാണ് യൂണിഫോം വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഹാന്‍വീവ് വഴിയും. കഴിഞ്ഞ വർഷം വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ യൂണിഫോം വിതരണത്തിനായി 79.01 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അധ്യയന വർഷം ജൂൺ മാസം രണ്ടാം ആഴ്ചയോടെ തന്നെ യൂണിഫോം വിതരണം പൂർത്തിയാക്കുകയും ചെയ്തു. സംസ്ഥാനത്തെ അയ്യായിരത്തോളം കൈത്തറി തൊഴിലാളികൾക്ക് ഈ പദ്ധതി വഴി തൊഴിൽ ഉറപ്പാക്കിയിരുന്നു.
സൗജന്യ കൈത്തറി യൂണിഫോം വിതരണം പാളിയതോടെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ പലരും പഴയ യൂണിഫോം ധരിച്ചാണ് സ്കൂളിലെത്തുന്നത്. പ്രത്യേകം നിറം നൽകി തയ്യാറാക്കുന്ന നൂലുകൾ കൊണ്ട് തയ്യാറാക്കുന്ന കൈത്തറി യൂണിഫോമായതിനാൽ പുറത്തെ കടകളിൽ നിന്ന് ഇതേ നിറത്തിലുള്ള തുണി വാങ്ങി തയ്പ്പിക്കാൻ സാധിക്കില്ല. ഈ അധ്യയന വർഷം അവസാനിക്കാൻ രണ്ട് ടേം മാത്രം ബാക്കി നിൽക്കെ സൗജന്യ യൂണിഫോം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ആയരിക്കണക്കിന് വിദ്യാർഥികളെ ഇത് ബാധിക്കും.










0 comments