16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ന്യൂസിലൻഡ്

ഓക്‌ലൻഡ് : 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ന്യൂസിലൻഡ് സർക്കാർ. ഇത് സംബന്ധിച്ച് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലുക്‌സോൺ പറഞ്ഞു. നിയമ ലംഘനം കണ്ടെത്തിയാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം വരെ പിഴ ചുമത്താൻ നിർദേശിക്കുന്നതായിരിക്കും ബിൽ.
നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ, ഫേഷ്യൽ ടെക്നോളജി, വ്യക്തിഗത വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കണെമെന്ന് ഇത്തരം പ്ലാറ്റ്ഫോമുകളോട് ബില്ലിൽ ആവശ്യപ്പെടും.
സോഷ്യൽ മീഡിയയിലൂടെ അപകടകരമായതും ആസക്തി ഉളവാക്കുന്നതുമായ ഉള്ളടക്കങ്ങൾ കുട്ടികളിലെത്തുന്നത് തടയുകയാണ് ഉദ്ദേശമെന്ന് ലുക്‌സൺ പറഞ്ഞു. കുട്ടികളുടേയും അവരുടെ കുടുംബങ്ങളുടേയും മാനസികാരോഗ്യം ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് ന്യൂസിലൻഡ് സർക്കാർ പറയുന്നത്.
ലോകത്താദ്യാമായി 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഓസ്ട്രേലിയ ഇത് സംബന്ധിച്ച് നിയമ നിർമാണം നടത്തിയത്. ടിക്ടോക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിനും ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.









0 comments