വെള്ളത്തൊട്ടിയിലെ കൊലപാതകം
ഇഷ്‌ടജീവിതത്തിന് തടസ്സം കുട്ടികൾ; ഒടുവിൽ ജീവനെടുത്തു

നിവേദ്യ

സ്വന്തം ലേഖകൻ
Published on Oct 01, 2026, 12:36 AM | 1 min read
ചിറ്റൂർ
ഇഷ്‌ടംപോലെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന യുവതി. ഇതിന് തടസ്സമായി സ്ഥിരംമദ്യപാനിയായ ഭർത്താവും എട്ടുംപൊട്ടും തിരിയാത്ത രണ്ട് കുരുന്നുകളും. തന്റെ ആഗ്രഹം നിറവേറ്റാൻ ഒടുവിൽ അമ്മ കുഞ്ഞുങ്ങളെ ഇല്ലാതാക്കി. കൊഴിഞ്ഞാന്പാറ വടകരപ്പതി മണൽക്കാട് നിവേദ്യയുടെ ആഗ്രഹപൂർത്തീകരണത്തിന് കുട്ടികൾ ഇരയായപ്പോൾ നാട് കണ്ടത് സമാനതകളില്ലാത്ത ക്രൂരത. വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജനീഫർ ജൂലിയറ്റിനെ തലയിൽപ്പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കി. പിന്നീട് സമീപത്ത് ടാങ്കിനുസമീപം കളിക്കുകയായിരുന്ന ഇളയ കുട്ടി റോബിൻ ക്രിസ്റ്റഫറിനെ തള്ളിയിട്ട് മുതുകിൽപ്പിടിച്ച് അമർത്തിയും കൊലപ്പെടുത്തുകയായിരുന്നു. തൊട്ടിയിൽ മുക്കാൽ ഭാഗം മാത്രമാണ് വെള്ളം ഉണ്ടായിരുന്നത്. ആറ് വർഷംമുന്പാണ് നിവേദ്യ ജോണ്‍ കുമാറിനൊപ്പം താമസിക്കാൻ തുടങ്ങിയത്. കൂലിപ്പണിക്കാരനായ ജോൺ കുമാർ സ്ഥിരം മദ്യപാനിയാണ്. ഇയാളോടൊപ്പം കഴിഞ്ഞാൽ സ്വതന്ത്ര ജീവിതം നയിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ല. എറണാകുളത്ത് പോയി ഫാഷൻ ഡിസൈനിങ് പഠിക്കാനും ആഗ്രഹമുണ്ടായിരുന്നു. കുട്ടികളുമായി എറണാകുളത്തേക്ക് പോകാൻ സാധിക്കില്ല. ഇതിനായി കുട്ടികളെ ഓർഫനേജിൽ കൊണ്ടുവിടുന്നത് സംബന്ധിച്ച് ചർച്ചനടത്തിയെന്നും ജോൺ കുമാർ വഴങ്ങിയില്ലെന്നും പറയപ്പെടുന്നുണ്ട്. ഇതോടെയാണ് കുട്ടികളെ ഇല്ലാതാക്കാൻ നിവേദ്യ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. വടകരപ്പതി പരിശക്കലിൽ താമസിച്ചിരുന്ന ഇവർ രണ്ട് മാസംമുന്പാണ് മേനോൻപാറ കൂരാൻങ്കാട്ടിൽ വാടകയ്ക്ക് താമസമാക്കിയത്. നിവേദ്യ കൂടുതലും ഫോണിലാണ് സമയംചെലവിടുന്നത്. കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. കുളത്തിൽ നീന്തിക്കുളിക്കാറുള്ള കുട്ടികൾ കുളിമുറിയിലെ തൊട്ടിയിൽ വീണുമരിച്ചു എന്നുപറയുന്നത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസിനെ അറിയിച്ചിരുന്നു. കുളിമുറിക്കകത്തുള്ള ചെറിയ തൊട്ടിയിൽ രണ്ടു കുട്ടികൾ ഒരുമിച്ച് വീണ് മരിക്കാനുള്ള സാധ്യതയും പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ചിറ്റൂർ ഡിവൈഎസ്‌പി എം ശശിധരന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. ഇൻസ്പെക്ടർ എസ് രജീഷ്, എസ്ഐ എ കെ ശ്രീജിത്ത്, ജിഎസ്ഐമാരായ ആർ തോമസ് ഔസേപ്പ്, എഎസ്ഐമാരായ എൻ സുമതി, പി ശാന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.









0 comments