സിപിഐ എമ്മിനെക്കുറിച്ചുള്ള വക്രീകരിച്ച പ്രചാരണങ്ങൾ ജനങ്ങളിൽ ഏശില്ല- പിണറായി വിജയൻ

പൊന്നാനി: മതവർഗീയ ശക്തികൾക്കെതിരായ സുവ്യക്തമായ നിലപാടുള്ള സിപിഐ എമ്മിനെപറ്റി വക്രീകരിച്ച പ്രചാരണങ്ങൾ ജനങ്ങളിൽ ഏശില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മതവർഗീയതയോടുള്ള സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കർക്കശമായ എതിർപ്പ് നാടിന് കൃത്യമായി അറിയുന്നതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഏതു നീക്കവും ജനങ്ങൾ തള്ളുമെന്നും പിണറായി പറഞ്ഞു. പെന്നാനിയിൽ സിപിഐ എം മലപ്പുറം വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയെ സിപിഐ എം മോശമായി ചിത്രീകരിച്ചു എന്നാണ് പ്രചാരണം. വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പൊന്നാനിയിലെ മതസാഹോദര്യത്തിന്റെ കാര്യം എടുത്തുപറഞ്ഞിരുന്നു. പൊന്നാനിയിലെ ബീഡിത്തൊഴിലാളി സമരം ഈ നാടിന്റെ ഉജ്വല പോരാട്ടങ്ങളിലൊന്നാണ്. നാനാ ജാതി മതസ്ഥരാണ് ആ പ്രക്ഷോഭത്തിൽ അണിനിരന്നത്. വർഗ വികാരമായിരുന്നു സമരത്തിന്റെ കൈമുതൽ. ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുത്ത മണ്ണ് കൂടിയാണിത്. വലിയ തോതിൽ മതവർഗീയ വാദികൾക്ക് അഴിഞ്ഞാടാൻ പറ്റാത്ത സ്ഥലം കൂടിയാണിത്. ഈ നാടിന്റെ പ്രത്യേകതയാണത്. എഴുപത് ശതമാനം ന്യൂനപക്ഷ വിഭാഗമാണിവിടെ. അതിൽ തന്നെ 68 ശതമാനവും ഒരു മതവിഭാഗമാണ്. അതിശക്തമായ മതസൗഹാർദമാണ് എല്ലാ കാലത്തും ഈ നാട് പുലർത്തിയത്.
വർഗീയതയെ എന്നും അകറ്റി നിർത്തി. എന്നാൽ ഈ അന്തരീക്ഷത്തിന് മാറ്റം വരുത്താൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് ശ്രമിക്കുന്ന മതമൗലിക വാദികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ജാഗ്രതയാണ് ഈ കാലം ആവശ്യപ്പെടുന്നത്. ജില്ല കമ്മറ്റി യോഗത്തിന്റെ സ്വാഗതപ്രസംഗത്തിൽ നന്ദകുമാർ സൂചിപ്പിച്ച ഇതാണ് വക്രീകരിച്ച് സിപിഐ എമ്മിനെതിരെ ഉപയോഗിക്കാൻ നോക്കിയത്. ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഞങ്ങൾ കരുത്താർജിക്കുന്നതും മതവർഗീയത അടക്കമുള്ളവയെ ചെറുക്കുന്നതിന് വേണ്ടിയാണ്. അതിന് മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും പിണറായി പറഞ്ഞു.








0 comments