യുഡിഎഫ് സർക്കാർ ആർഎസ്‌എസിന് ദാസ്യവേല ചെയ്യുന്നു: എം വി ഗോവിന്ദൻ

പാലക്കാട്: ആർഎസ്‌എസിന് ദാസ്യവേല ചെയ്യുന്ന സർക്കാരാണ് വി ഡി സതീശന്റേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് നടന്ന പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പല കാര്യങ്ങളും പത്രങ്ങളിൽനിന്നാണ് മനസിലാക്കുന്നത് എന്നുമാണ് യുഡിഎഫ് കൺവീനർ പറയുന്നത്. സ്‌പീക്കറും മന്ത്രി എ പി അനിൽകുമാറും ഇത്തരത്തിൽ പറയുന്നു. എന്നാൽ വി ഡി സതീശൻ ആർഎസ്‌എസുമായി നല്ല കൂടിയാലോചന നടത്തുന്നുണ്ട്.
കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാൻ വി ഡി സതീശൻ തയാറല്ല. കോൺഗ്രസ് ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം മുഴുവൻ പാടി. ബിജെപിയെ വിമർശിക്കാൻ ഭയമാണ്. മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ ശിഷ്യരായി. വർഗീയ പാർടിയായി തരംതാണു. ബിജെപിയെ വിമർശിക്കാൻ ലീഗിനും ഭയമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യംവച്ചാണ് ഇഡി പ്രവർത്തിക്കുന്നത്. ബിജെപിയിൽ ആളെ ചേർക്കുകയും അതിന് തയാറല്ലാത്തവരെ ജയിലിൽ അയക്കാനുമാണ് ഇഡി ശ്രമിക്കുന്നത്.
തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരും. ഇതിന്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റം. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് നാല് മാസമാകുമ്പോഴേക്കും പവർ കട്ട് വന്നു. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്‌ത്രീസുരക്ഷ പെൻഷൻ അവസാനിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷംകൊണ്ട് എൽഡിഎഫ് കേരളത്തെ പലമേഖലകളിലും ലോകോത്തരമാക്കി. ഇത് തകർക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ആകാശവും കടലുമെല്ലാം വിൽക്കുകയാണ്. അംബാനിക്കും അദാനിക്കുംവേണ്ടിയാണ് ഭരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments