ചിറ്റൂരിൽ എൽഡിഎഫിന് മിന്നുംവിജയം

എൽഡിഎഫ് പ്രവർത്തകർ ചിറ്റൂരിൽ നടത്തിയ പ്രകടനം
ചിറ്റൂർ
ചിറ്റൂർ തത്തമംഗലം നഗരസഭ 24– -ാം വാർഡ് പരുത്തിക്കാവ്, പട്ടഞ്ചേരി പഞ്ചായത്തിലെ ഒന്പതാം വാർഡ് പാറക്കാട്ടുചള്ള വാർഡിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുംവിജയം. പട്ടഞ്ചേരി പഞ്ചായത്തിലെ പാറക്കാട്ടുചള്ള എൽഡിഎഫ് നിലനിർത്തിയപ്പോൾ ചിറ്റൂർ തത്തമംഗലം നഗരസഭ 24– -ാം വാർഡ് പരുത്തിക്കാവ് വാർഡ് യുഡിഎഫിൽനിന്നും പിടിച്ചെടുത്തു. പട്ടഞ്ചേരിയിൽ വാർഡ് അംഗമായ സുഷമയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 185 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിലാണ് മാസങ്ങൾക്കുള്ളിൽതന്നെ യുഡിഎഫിന് കനത്ത പരാജയം നേരിടേണ്ടി വന്നത്. സുമേഷ് അച്യുതൻ ഒഴിഞ്ഞ ചെയർമാൻ സ്ഥാനത്തേയ്‌ക്ക് ചെറിയച്ഛനായ കെ മധുവിനെ എത്തിക്കാനുള്ള നീക്കത്തിനാണ് വോട്ടർമാർ തിരിച്ചടി നൽകിയത്. വോട്ടെണ്ണലിൽ ഇരുമുന്നണിയും തുല്യ വോട്ടുകൾ നേടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് വിജയം. പട്ടഞ്ചേരിയിൽ കഴിഞ്ഞതവണ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിൽ ഇത്തവണ 18 വോട്ടിന് വിജയിച്ചു. കഴിഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചതുകണ്ട് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ രണ്ട് അപര സ്ഥാനാർഥികളെ നിർത്തിയാണ് യുഡിഎഫ് മത്സരിച്ചത്.
സുമേഷ് അച്യുതൻ എംഎൽഎയുടെ വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
എസ് സുധീഷ്
സുമേഷ് അച്യുതൻ എംഎൽഎ വിജയിച്ച ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ചെയർമാന്റെ വാർഡിലെ യുഡിഎഫിന്റെ കനത്ത പരാജയം നേതൃത്വത്തെ ഞെട്ടിച്ചു. നഗരസഭാ മുൻ ചെയർമാൻ കെ അച്യുതന്റെ സഹോദരൻ, എംഎൽഎ സുമേഷ് അച്യുതന്റെ ചെറിയച്ഛനുമായ കെ മധുവാണ് യുഡിഎഫ് സ്ഥാനാർഥി. വൻ നിര യുഡിഎഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിന്നു. ഇതോടെ നഗരസഭയിൽ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം 12 ആയി ഉയർന്നു. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡ് കെ അച്യുതന്റെ കാലംമുതൽ കോൺഗ്രസിന് അനുകൂലമായി നിൽക്കുന്നതാണ്. മാസങ്ങൾക്കുമുന്പ് വ്യക്തമായ ഭൂരിപക്ഷത്തിൽ സുമേഷ് അച്യുതനെ വിജയിപ്പിച്ച വാർഡിൽ കെ മധു പരാജയപ്പെട്ടത് എംഎൽഎയോടുള്ള ജനരോഷത്തിന്റെ ഭാഗമാണ്. ഉപതെരഞ്ഞെടുപ്പിലുടനീളം സുമേഷ് അച്യുതൻ നേരിട്ടാണ് വോട്ട് പിടിക്കാൻ ഇറങ്ങിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളെവരെ പ്രചാരണത്തിനെത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഹന വാഗ്ദാനങ്ങൾ നൽകി വിജയിച്ചശേഷം പിന്നീട് വാർഡിൽ വന്നത് തെരഞ്ഞെടുപ്പുകളിൽ വോട്ട് ചോദിക്കാൻ മാത്രം. ഇതിൽ പ്രതിഷേധിച്ചാണ് എന്നും കൂടെനിൽക്കുന്ന നാട്ടുകാരനായ വി തുളസീധരനെ നാട്ടുകാർ ചേർത്തുനിർത്തിയത്.









0 comments