നഷ്ടക്കയത്തിൽ കോഴി വ്യാപാരം; തൂക്കും മുൻപേ ‘തീറ്റിക്കും’

പാലക്കാട്
ഇറച്ചിക്കോഴി മൊത്ത വ്യാപാരികൾക്ക് പ്രതിസന്ധിയായി തമിഴ്‌നാട്ടിലെ വൻകിട ഫാമുകളിലെ കോഴിയെ തൂക്കുന്നതിന് മുന്പുള്ള ‘തീറ്റ നൽകൽ’. മുന്പ് ഫാമുകളിൽനിന്ന് രാത്രി കോഴിയെ തൂക്കുന്നതിന് നാല് മണിക്കൂർ മുന്പ് തീറ്റ നൽകൽ നിർത്തുമായിരുന്നു. അപ്പോൾ, മൂവായിരം കിലോ കോഴി കേരളത്തിലെത്തുന്പോൾ അന്പത് കിലോ കാഷ്‌ടമാണ് സാധാരണ വണ്ടിയിലുണ്ടാകുക. എന്നാലിപ്പോൾ വൻകിട ഫാമുകൾ കോടതി ഉത്തരവിന്റെ മറവിൽ രാത്രി കോഴിയെ തൂക്കുന്പോഴും തീറ്റ നൽകുകയാണ്. അതിനാൽ, മൂവായിരം കിലോ കോഴി കേരളത്തിലെത്തുന്പോൾ വണ്ടിയിൽ 150 മുതൽ 200 കിലോ കാഷ്‌ടമാണ് ഉണ്ടാകുന്നത്. ഇതുകാരണം 30,000 രൂപയോളമാണ് മൊത്തകച്ചവടക്കാർക്ക് നഷ്‌ടം. 15 മുതൽ 20 ടൺ കോഴി കൊണ്ടുവരുന്ന വ്യാപരികൾക്ക് രണ്ട് ലക്ഷത്തോളമാണ് നഷ്‌ടം. തമിഴ്‌നാട്ടിലെ വൻകിട കന്പനികളുടെ നീക്കത്തിൽ ഒന്നുംചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് കേരളത്തിലെ മൊത്തവ്യാപാരികൾ. കുടുംബശ്രീയുടെ കേരള ചിക്കൻ മികച്ചരീതിയിൽ നടപ്പാക്കുന്പോൾ ഇത്തരം പ്രതിസന്ധികൾ ഉണ്ടായിരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.











0 comments