ഓർമകളിൽ നിറഞ്ഞ് ചെറുകാട്
ചെറുകാട് പുരസ്കാരം കഥാകൃത്ത് ഇ കെ ഷാഹിനയ്ക്ക് സമ്മാനിച്ചു

ചെറുകാട് പുരസ്കാരം കഥാകൃത്ത് ഇ കെ ഷാഹിനക്ക്, മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി സമ്മാനിക്കുന്നു. മുൻ മന്ത്രി പി രാജീവ്, സാഹിത്യകാരന്മാരായ വൈശാഖൻ, അശോകൻ ചരുവിൽ എന്നിവർ സമീപം

സ്വന്തം ലേഖകൻ
Published on Oct 29, 2026, 12:38 AM | 2 min read
പാലക്കാട്
സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ പരിവർത്തനങ്ങൾക്ക് തൂലിക പടവാളാക്കിയ മഹാപ്രതിഭയുടെ സ്മരണ പുതുക്കി നാട്. പ്രിയ എഴുത്തുകാരന്റെ അന്പതാം അനുസ്മരണത്തിന് സാഹിത്യ–സംസ്കാരിക ലോകം ഒന്നായി ഒഴുകിയെത്തി. ചെറുകാട് സ്മാരക ട്രസ്റ്റിന്റെ ചെറുകാട് പുരസ്കാര വിതരണവും അനുസ്മരണവും മുൻ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ചെറുകാട് പുരസ്കാരം കഥാകൃത്ത് ഇ കെ ഷാഹിനയ്ക്ക് മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ വി ശശികുമാർ അധ്യക്ഷനായി. സാഹിത്യകാരന്മാരായ വൈശാഖൻ, അശോകൻ ചരുവിൽ എന്നിവർ പ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സുബൈദ ഇസഹാഖ്, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി കെ പി മോഹനൻ, ചെറുകാട് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സി വാസുദേവൻ, ട്രസ്റ്റ് സെക്രട്ടറി വേണു പാലൂർ, കെ എസ് ആർദ്ര, ഇ കെ ഷാഹിന എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ടി ആർ അജയൻ നന്ദിയും പറഞ്ഞു. എം ശിവകുമാർ ചൊൽക്കാഴ്ച അവതരിപ്പിച്ചു. അഭിചന്ദ്ര, ആദിത്യ കൃഷ്ണ, വരദ എന്നിവർ ചെറുകാടിന്റെ കവിത ആലപിച്ചു. തുടർന്ന് പാലക്കാട് തിൻ തിയറ്റേഴ്സിന്റെ നേതൃത്വത്തിൽ കെ എ നന്ദജൻ സംവിധാനം ചെയ്ത ഏകപാത്ര നാടകം ‘വിശുദ്ധ നുണ’ അരങ്ങേറി. ജില്ലാ പബ്ലിക് ലൈബ്രറിയുടെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ജെൻസികൾ ഇന്ത്യയെ ഉണർത്തി: പി രാജീവ്
ഉറങ്ങുകയായിരുന്ന ഇന്ത്യക്കാരെ ജെൻസി തലമുറ ഉണർത്തിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. ചെറുകാട് പുരസ്കാര വിതരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാക്ടറുമായി കർഷകർ ഇറങ്ങിയതുകൊണ്ട് മാത്രമാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് കിട്ടാതിരുന്നത്. അങ്ങനെയായെങ്കിൽ ഭരണഘടനയുടെ അടിസ്ഥാന ശില തന്നെ മാറ്റുമായിരുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായും മാറ്റുമായിരുന്നു. കർഷകരാണ് ഇതിനെ തടഞ്ഞത്. അടിയന്തരാവസ്ഥയേക്കാൾ മോശം സാഹചര്യമാണ് രാജ്യത്തിലിന്ന്. അന്ന് വാറന്റ് കാണിച്ചിട്ടും അഞ്ചുമിനിറ്റുകൂടി പ്രസംഗിക്കാൻ ബ്രിട്ടീഷ് പൊലീസ് എ കെ ജിക്ക് അനുവാദം നൽകിയിരുന്നു. എന്നാലിപ്പോൾ വാറന്റുമില്ല, വായതുറക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് സാഹിത്യകാരനാണെന്ന് പറയുകമാത്രമല്ല കൃതികൾ അതേ രൂപത്തിൽ അടയാളപ്പെടുത്തിയ ആളാണ് ചെറുകാട്. പുരോഗമന സാഹിത്യത്തിന്റെ ഉദാത്തമായ മലയാളി മുഖങ്ങളിലൊന്ന്. ചെറുകാടിന്റെ 'ജീവിതപ്പാത' ഏറ്റവും ഉജ്വലമായ മലയാളത്തിലെ ആത്മകഥകളിൽ ഒന്നാണ്. മലയാളത്തിന്റെ മാക്സിം ഗോർക്കിയാണ് ചെറുകാടെന്നും പി രാജീവ് പറഞ്ഞു.









0 comments