ചെന്താമര സംശയരോഗി, അന്ധവിശ്വാസി

എ തുളസീദാസ്
Published on Jan 28, 2025, 12:04 AM | 1 min read
കൊല്ലങ്കോട്
ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ അപഹരിച്ചത് ചെന്താമരയുടെ കടുത്ത സംശയരോഗവും അന്ധവിശ്വാസവും. അയൽക്കാരെയൊക്കെ സംശയത്തോടെയാണ് ഇയാൾ കണ്ടിരുന്നതെന്നും ഇയാളുടെ സംശയരോഗത്തിലും അന്ധവിശ്വാസത്തിലും മനംമടുത്താണ് ഭാര്യയും മക്കളും വീടുവിട്ട് പോയതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, അതിന്റെ ഉത്തരവാദിത്വം ചെന്താമര സുധാകരന്റെ കുടുംബത്തിനുമേൽ കെട്ടിവയ്‌ക്കുകയായിരുന്നു. 2019 ആഗസ്ത് 31നാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കിടപ്പുമുറിയിൽ കയറി വെട്ടിക്കൊന്നത്. സുധാകരൻ അന്ന് തിരുപ്പൂരിൽ ജോലി സ്ഥലത്തായിരുന്നു. കുട്ടികൾ സ്‌കൂളിലുമായിരുന്നു. ഈ അവസരം നോക്കിയായിരുന്നു കൊലപാതകം. കൊലപാതകശേഷം ഇയാൾ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയിൽ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ പുറത്തിറങ്ങിയപ്പോൾ സെപ്തംബർ മൂന്നിനാണ് ഇയാൾ പിടിയിലായത്. തന്റെ കുടുംബം നശിക്കാൻകാരണം സുധാകരന്റെ കുടുംബമാണെന്ന് മഷിനോക്കിയാണ് ചെന്താമര തീരുമാനിച്ചതെന്നും ഇയാളുടെ രീതികളും നീക്കങ്ങളുമൊക്കെ നിഗൂഢമാണെന്നും നാട്ടുകാർ പറയുന്നു.









0 comments