കണിയൊരുക്കാൻ പഴങ്ങൾ റെഡി
ചക്കയാണ് താരം

പാലക്കാട് വലിയങ്ങാടിയിലെ പഴക്കടയിൽ വിൽപ്പനയ‍്ക്കെത്തിച്ച ചക്കകൾ
പാലക്കാട്
പഴക്കച്ചവടവും തകർത്ത് മുന്നേറുന്നു. മൊത്ത വിതരണ കേന്ദ്രങ്ങളിലും പഴക്കടകളിലും തെരുവോരങ്ങളിലും പഴങ്ങൾ നിറഞ്ഞു. ചൂട് കൂടിയതോടെ പഴക്കച്ചവടം പതിവിലും നേരത്തേ സജീവമായെന്ന് കച്ചവടക്കാർ പറയുന്നു. തെരുവുകളിൽ ചക്കയാണ് താരം. ചക്കയപ്പം, അട, വരട്ടി, പ്രഥമൻ, ഹൽവ, വറുത്തത് എന്നിങ്ങനെയുള്ള വിഭവങ്ങൾ തയ്യാറാക്കാനും ചക്ക വാങ്ങുന്നുണ്ട്. മലപ്പുറത്തുനിന്നാണ് ജില്ലയിലേക്ക് കൂടുതലും ചക്കയെത്തുന്നത്. 30 മുതൽ 50 രൂപവരെ വിലയുണ്ട്. വാഴപ്പഴമാണ് മറ്റൊരു നായകൻ. ചെറുപഴവും കദളിപ്പഴവുമാണ് കണിയൊരുക്കാൻ കൊണ്ടുപോകുന്നതിലേറെയും. സദ്യവട്ടങ്ങൾ ഒരുക്കാൻ കാറ്ററിങ് യൂണിറ്റുകളിലേക്കും വലിയ അളവിൽ പഴം വാങ്ങുന്നുണ്ട്. ചെറുപഴത്തിന് 60 രൂപ മുതലും കദളിപ്പഴത്തിനും പൂവൻപഴത്തിനും 80 രൂപമുതലും വിലയുണ്ട്. നേന്ത്രപ്പഴത്തിന് 50 രൂപ മുതലാണ് വില. ശർക്കരവരട്ടി, കായവറവ് ആവശ്യങ്ങൾക്കാണ് നേന്ത്രപ്പഴം കൂടുതലും വിറ്റുപോകുന്നത്. മൂവാണ്ടൻ, ചന്ദ്രക്കാരൻ, സിന്ദൂരം, നീലം, ബംഗനപ്പള്ളി, കോമാങ്ങ തുടങ്ങിയവയും വൻ തോതിൽ വിറ്റുപോകുന്നു. 80 രൂപ മുതലാണ് മാമ്പഴവില. ഇതുകൂടാതെ മറ്റ് പഴങ്ങൾക്കും ആവശ്യക്കാരേറെയാണ്. മുന്തിരി – 180, ആപ്പിൾ –220, ഓറഞ്ച് – 160, പൈനാപ്പിൾ – 50, മാതളം –220, തണ്ണിമത്തൻ –30 എന്നിങ്ങനെയാണ് വില. ദിവസവും വിലയിൽ വ്യത്യാസം വരുമെന്നും വ്യാപാരികൾ പറഞ്ഞു.










0 comments