ചങ്ങലക്കൊള്ള

പാലക്കാട്
പാലക്കാട് ജങ്‌ഷൻ റെയിൽവെ സ്റ്റേഷനിൽ ആളെയിറക്കിയാൽ അടുത്ത സെക്കൻഡിൽ വണ്ടിവിടണം, പെട്ടിയും ബാഗും പ്ലാറ്റ്‌ഫോമിലെത്തിക്കാൻ സഹായിച്ചാൽ തിരിച്ചിറങ്ങുമ്പോൾ ചങ്ങലക്കിടും തീർച്ച. ആർപിഎഫിന്റെ വിചിത്ര നടപടിയിൽ സഹികെട്ടിരിക്കുകയാണ് യാത്രക്കാരും വാഹനയുടമകളും. രാത്രിയായാലും പകലായാലും നിമിഷനേരത്തിനുള്ളിലാണ് ചങ്ങലയിട്ട് പൂട്ടുന്നത്. വൈകിയെത്തിയ ഒരു സെക്കൻഡിനുപോലും ആർപിഎഫ് ഓഫീസിലെത്തി 200 രൂപ പിഴ നൽകണം. പിഴയടയ്‌ക്കാനുള്ള സമയം കഴിഞ്ഞാൽ നിർദ്ദേശിക്കുന്ന ദിവസം രാവിലെ മുതൽ വരിനിൽക്കണം. തൽക്കാലത്തേക്ക് വാഹനം നിർത്തിയിടാനുള്ള ഇടങ്ങളെല്ലാം ബാരിക്കേഡും കയറും നിരത്തിയിരിക്കുകയാണ്. അധികനിരക്ക് ഇൗടാക്കുന്ന പാർക്കിങ്ങിന് കരാറുകാർക്ക് ലാഭമുണ്ടാക്കാൻ ഉത്സാഹിക്കുന്ന റെയിൽവേ നടപടിയിൽ ഗതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ. സെക്കൻഡുകൾക്കുള്ളിൽ എടുത്തുപോകുന്ന വണ്ടി കൂടുതൽ പണം നൽകി പാർക്ക് ചെയ്യേണ്ടതുണ്ടോയെന്നാണ് അവരുടെ ചോദ്യം. പണം നൽകി അകത്ത് കയറുന്ന പാർക്കിങ് ഗ്രൗണ്ടിന്റെ കാര്യവും പരിതാപകരമാണ്. സുരക്ഷിതത്വത്തിന് പുല്ല് വില കൽപ്പിച്ചാണ് കരാറുകാരുടെ കൺകെട്ട്. കയറിവരുന്ന ഒരു ഭാഗത്ത് മാത്രമാണ് മേൽക്കൂരയുള്ളത്. മറ്റ് വാഹനങ്ങളെല്ലാം മഴയും വെയിലുംകൊള്ളണം. വെയിലിൽ വാഹനങ്ങളുടെ നിറം മങ്ങുന്നതും മഴയിൽ മരച്ചില്ല ഒടിഞ്ഞുവീഴുന്നതും പതിവാണ്. ടൂവീലർ സീറ്റുകളിൽ പക്ഷികൾ കാഷ്‌ഠിക്കുന്നതും സ്ഥിരം. കൂടാതെ ഒരു മണിക്കൂറിന് താഴെ നിർത്തിയിടുന്ന വാഹനങ്ങൾക്ക് ഗ്രൗണ്ടിനകത്തേക്ക് പ്രവേശനമില്ല. പുറത്തെ മരച്ചുവട്ടിലാണ് സ്ഥാനം. അതിനും പണം നൽകണം.










0 comments