അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി; പഠനം പാതിവഴിയിൽ


സ്വന്തം ലേഖകൻ
Published on Jul 08, 2026, 01:15 AM | 1 min read
പാലക്കാട്
അധ്യാപകർക്ക് ജനസംഖ്യാ വിവരശേഖരണ (സെൻസസ്) ഡ്യൂട്ടി തുടങ്ങിയിട്ടും കുട്ടികളുടെ പഠനത്തിന് പകരം സംവിധാനം ഏർപ്പെടുത്താത്തത് സ്‌കൂളുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. ആഗസ്‌ത് 12ന് ഓണപ്പരീക്ഷ തുടങ്ങാനിരിക്കെയാണ് ജില്ലയിലെ 90 ശതമാനം സ്‌കൂളുകളിലും പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായത്. ഓണപ്പരീക്ഷയ്‌ക്കുമുമ്പ് നിശ്‌ചിത പാഠഭാഗങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. 10 ദിവസം അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാകില്ല. ചില സ്‌കൂളുകളിൽ പകുതിയിലേറെ അധ്യാപകരും സെൻസസ് ഡ്യൂട്ടിയുള്ളവരാണ്. വിദ്യാർഥികളുടെ വിവരശേഖരണം നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ "യു ഡയസ്' സ്‌കൂളുകളിൽ നടന്നുവരികയാണ്. വിവരങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യേണ്ട ചുമതലയും അധ്യാപകർക്കാണ്. ഇതിൽ വീഴ്‌ചയുണ്ടായാൽ വിദ്യാർഥികളുടെ ആനുകൂല്യം മുടങ്ങും. ഇതെല്ലാം അധ്യാപരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. മധ്യവേനൽ അവധി0ക്കുശേഷം വിദ്യാർഥികൾ വീണ്ടും പഠനപ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടുവരുമ്പോഴാണ് ക്ലാസ് മുടങ്ങുന്നത്. ദിനാചരണങ്ങൾപോലുള്ള അക്കാദമിക് അനുബന്ധ പരിപാടികളും മുടങ്ങുകയാണ്. സെൻസസ് സൂപ്പർവൈസർ, എന്യൂമറേറ്റർ, അസിസ്റ്റന്റ് എന്യൂമറേറ്റർ എന്നീ ചുമതലകളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഏറെയും അധ്യാപകരാണ്. സെൻസസ് ഡ്യൂട്ടിക്ക് ആദ്യഘട്ടത്തിൽ സർക്കാർ ലീവ് അനുവദിച്ചിരുന്നില്ല. ജോലിയും ഡ്യൂട്ടിയും ഒന്നിച്ചുകൊണ്ടുപോകാനായിരുന്നു നിർദേശം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അവധി അനുവദിച്ചത്. ഒന്നുമുതൽ 30 വരെയുള്ള 20 ദിവസങ്ങളിൽ 10 ദിവസം പൂർണമായോ 20 ദിവസം ഭാഗികമായോ അവധിയെടുത്ത് സെൻസസ് ഡ്യൂട്ടി ചെയ്യാനായിരുന്നു നിർദേശം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അധ്യാപകരെ ബിഎൽഒ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ താൽക്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു, എന്നാൽ പകരം സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.










0 comments