ജനസംഖ്യ കണക്കെടുപ്പ്
പ്രതിഷേധം ഫലം കണ്ടു: ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ഇളവ്

വി കെ രഘുപ്രസാദ്
പാലക്കാട്
ജനസംഖ്യാ കണക്കെടുപ്പിലെ അശാസ്‌ത്രീയ നടപടികൾക്കെതിരെ അധ്യാപക സംഘടനകളടക്കം നടത്തിയ പ്രതിഷേധം ഫലംകണ്ടു. സെൻസസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയിൽ ഇളവനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബുധനാഴ്‌ചമുതൽ 30 വരെയുള്ള 20 ദിവസങ്ങളിൽ 10 ദിവസം പൂർണമായോ 20 ദിവസം ഭാഗികമായോ അവധി എടുക്കാമെന്നാണ് ഉത്തരവ്. ഉച്ചയ്‌ക്കുമുമ്പോ ശേഷമോ അവധി എടുക്കാം. സെൻസസ് സൂപ്പർവൈസർ, എന്യൂമറേറ്റർ, അസിസ്റ്റന്റ് എന്യൂമറേറ്റർ എന്നിവർക്ക് ഉത്തരവ് ബാധകമാണ്. വില്ലേജ് ഓഫീസ്, തദ്ദേശ സ്ഥാപനങ്ങൾ, വനംവകുപ്പ്, അധ്യാപകർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവരെയാണ് സെൻസസ് ജോലിക്ക് നിയോഗിച്ചിരുന്നത്. ആർക്കും അവധി അനുവദിച്ചിരുന്നില്ല. അധ്യാപകരായിരുന്നു ഏറെ പ്രതിസന്ധിയിൽ. സെൻസസ് ഡ്യൂട്ടിയിലുള്ളവർ അധ്യയനം മുടക്കരുതെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശവും ജൂലൈയിൽതന്നെ സെൻസസ് പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശവും അധ്യാപകരെ ദുരിതത്തിലാക്കി. ശനി, ഞായർ ദിവസങ്ങളിലും സ്‌കൂൾ സമയത്തിനുശേഷവും സെൻസസ് ഡ്യൂട്ടി ചെയ്യണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്‌കൂളുള്ള പഞ്ചായത്തിലെ വീടുകളിലാണ് സെൻസസ് നടത്തേണ്ടത്. ഒരു അധ്യാപകൻ 200 വീടുകളിൽ കയറണം. സെൻസസിന് മുമ്പായി ജനങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. പലരുമിത് ചെയ്യാൻ സാധ്യതയില്ല. ആ ജോലികൂടി സെൻസസ് ഉദ്യോഗസ്ഥർ ചെയ്യേണ്ടിവരും. സന്ദർശന സമയത്ത് വീടുകളിൽ ആളില്ലെങ്കിലോ മതിയായ രേഖകളില്ലെങ്കിലോ അതും വിനയാകും. ജില്ലയിലെ 15,000 അധ്യാപകരിൽ 7,000 പേരും സെൻസസ് ഡ്യൂട്ടിയിലാണ്. എച്ച്‌എസ്‌എസ്, എച്ച്‌എസ്, എൽപി, യുപി ക്ലാസുകളിലെ അധ്യാപകർ എന്നിവർക്കെല്ലാം ഡ്യൂട്ടി നിശ്ചയിട്ടുണ്ട്. എസ്‌എസ്‌എൽസി ക്ലാസുകളിലെ അധ്യാപകരായിരുന്നു വലിയ പ്രയാസത്തിൽ. സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് ഡ്യൂട്ടി ഇളവ് അനുവദിക്കുക, ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച് അധ്യാപനം സുഗമമാക്കുക എന്നീ മുദ്രവാക്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം കെഎസ്‌ടിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ ശൃംഖല നടത്തി. ജീവനക്കാരുടെ മറ്റ് സംഘടനകളും ഡ്യൂട്ടി ഇളവ് ആവശ്യപ്പെട്ട് രംഗത്തെത്തി.
4,961 എന്യൂമറേറ്റർമാർ വിവരശേഖരണം തുടങ്ങി
പാലക്കാട്
സെൻസസ് നടപടികളുടെ ഭാഗമായി വീടുവീടാന്തര വിവരശേഖരണത്തിന് ജില്ലയില്‍ തുടക്കം. 4,961 എന്യൂമറേറ്റര്‍മാരെയാണ് വിവരശേഖരണത്തിന് നിയോഗിച്ചത്. താലൂക്ക്തലത്തില്‍ 722, മുനിസിപ്പാലിറ്റികളില്‍ 111 എന്നിങ്ങനെ 833 സൂപ്പര്‍വൈസര്‍മാരാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കാനുള്ള 4,726 ബ്ലോക്കുകളും രൂപീകരിച്ചു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ ചുമതലപ്പെടുത്തി. ഇവരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന തരത്തില്‍ മറ്റ് ഔദ്യോഗിക ജോലികൾക്ക് നിയോഗിക്കരുതെന്നും ഔദ്യോഗിക അനുമതി, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, യാത്രാ അനുമതി എന്നിവ താമസം കൂടാതെ അനുവദിക്കണമെന്നും നിര്‍ദേശിച്ചു. ജീവനക്കാരെ വിട്ടയച്ച വിവരം ചാര്‍ജ് ഓഫീസര്‍ മുഖേന മൂന്ന് ദിവസത്തിനകം ജില്ലാ സെന്‍സസ് ഓഫീസറെ രേഖാമൂലം അറിയിക്കണം.











0 comments