ആട്ടവിളക്കിന്റെ വെളിച്ചത്തിൽ

കലാമണ്ഡലം കെ ജി വാസുദേവൻ നായർ ആലപ്പുഴ കീരിക്കാട് ജനനം. വർഷങ്ങളായി പാലക്കാട് മുണ്ടൂരിൽ താമസിക്കുന്നു. കഥകളി ആചാര്യൻ. നിലവിൽ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം. ഭാര്യ: പ്രേമകുമാരി. മക്കൾ: ലത, ലതീഷ്.
ആലപ്പുഴ കീരിക്കാട്ടെ മണൽപ്പരപ്പിൽ തുണിവിരിച്ചായിരുന്നു അന്ന് കഥകളി അരങ്ങേറിയിരുന്നത്. ഉത്സവപ്പിറ്റേന്ന് മണലിൽ മുത്തുകൾ വീണുകിടക്കും. വേഷങ്ങളുടെ മാലയിൽനിന്നുതിർന്നവ. കുട്ടിക്കൂട്ടം ആ മുത്തുകൾ കോർത്ത് മാലയാക്കും. വീട്ടിൽനിന്ന് ആരും കാണാതെയെടുത്ത തോർത്ത് തോളിലിട്ട് കഥകളിയാടും. എന്നും പ്രധാന വേഷക്കാരൻ ഞാനായിരിക്കും. കളികഴിഞ്ഞ് മടങ്ങിയാലും വേഷങ്ങൾ മനസ്സിൽനിന്നിറങ്ങിപ്പോയിരുന്നില്ല. ഉള്ളിലെവിടെയോ അവ ആട്ടം തുടർന്നു. കഥകളി പഠിക്കണമെന്ന മോഹം കലശലായി. കഥകളിയാശാൻ ഏവൂർ രാഘവൻ പിള്ളയെയാണ് ആദ്യം സമീപിച്ചത്. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ പുല്ല് മുദ്രകളിലൂടെ പറിച്ചായിരിന്നു വിരൽവഴക്കം നേടിയത്. 11 –-ാം വയസ്സിൽ ഏവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഗുരുദക്ഷിണയിലെ കൃഷ്ണന്റെ വേഷമണിഞ്ഞ് അരങ്ങേറ്റം. പിന്നീട് കലാമണ്ഡലം കൃഷ്ണൻ നായർ, ചെങ്ങന്നൂർ രാമൻ പിള്ള, മാങ്കുളം കൃഷ്ണൻ നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്നിവരോടൊപ്പം ചെറിയ വേഷങ്ങൾ ആടാൻ തുടങ്ങി. 14–-ാം വയസ്സിൽ കലാമണ്ഡലത്തിലെത്തി. വള്ളത്തോളിനെ ആദ്യമായി കാണുന്നതും അവിടെനിന്നായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അഭിമുഖത്തിന് പ്രഹ്ലാദ ചരിതത്തിലെ പ്രഹ്ലാദനെ അവതരിപ്പിച്ചു. ജീവിതം മാറിയ കാലം കൂടിയായിരുന്നു അത്. കലാമണ്ഡലം ഗോപിയടക്കം ഞങ്ങൾ ആറുപേരായിരുന്നു പഠിതാക്കൾ. ചിട്ടയോടെയുള്ള പഠനം പുലർച്ചെ മൂന്നുമുതൽ രാത്രി ഒമ്പതുവരെ നീളും. പഠനശേഷം തൃപ്പൂണിത്തുറ ഫൈൻ ആർട്‌സ് കോളേജിലും ഗാന്ധിസേവാ സദനിലും അധ്യാപകനായി. 1974ൽ വെള്ളിനേഴി സ്കൂളിൽ കഥകളി അധ്യാപകനായി. പ്രഗത്ഭർക്കൊപ്പം വിദേശത്തുൾപ്പെടെ വേദി പങ്കിട്ടു. സ്‌ത്രീവേഷങ്ങളായിരുന്നു തുടക്കകാലത്ത് കൂടുതൽ. പിന്നീട് ഭീമനായും ദുര്യോധനനായും നളനായും ബാഹുകനായും രാവണനായും കാട്ടാളനായുമെല്ലാം വേഷപ്പകർച്ച. ഈയ്യങ്കോട് ശ്രീധരന്റെ രചനയിൽ അരങ്ങിലെത്തിയ മാനവവിജയം, കറുത്ത നിറമുള്ള കൃഷ്ണനെ അവതരിപ്പിച്ച സ്‌നേഹ സന്ദേശം എന്നീ ആട്ടക്കഥകൾ ഓർമയിലുണ്ട്. പുരസ്കാരങ്ങൾ: കേരള കലാമണ്ഡലം പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, ബർണശേരി മുദ്ര കലാക്ഷേത്രം കഥകളി ആചാര്യ പുരസ്കാരം, എം എസ് നമ്പൂതിരിപ്പാട് പുരസ്കാരം, തകഴി കുഞ്ഞുകുറുപ്പ് ഫെലോഷിപ്.
തയ്യാറാക്കിയത് സായൂജ് ചന്ദ്രൻ










0 comments