വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ: മുഖ്യപ്രതി അറസ്‌റ്റിൽ

ഷൊർണൂർ
പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. മലപ്പുറം പൂങ്ങോട് പീടിയേക്കൽ വീട്ടിൽ സിയാസിനെ (54) ആണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിൽ മലപ്പുറം എടവണ്ണയിൽനിന്ന് പിടികൂടിയത്. മുഹമ്മദലിയുടെ പിതാവിന്റെ സഹോദരപുത്രനാണ് ഇയാൾ. സിയാസാണ് തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്നും ബിസിനസ് ചുമതലകളിൽനിന്ന് മാറ്റിയതിന്റെ വൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു. ഡിസംബർ ആറിന് കൂറ്റനാട്–ചെറുതുരുത്തി റോഡിൽ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനുസമീപമാണ് സംഭവം. പ്രതികളിലൊരാളെ അന്നുതന്നെ ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ മറ്റ് പ്രതികളിലേക്കും സിയാസിലേക്കുമെത്തി. വിദേശത്തുനിന്ന് നാട്ടിലെത്തി വീണ്ടും പോകാൻ തയ്യാറെടുക്കുന്പോഴാണ് അറസ്‌റ്റ്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തട്ടിക്കൊണ്ടുപോയശേഷം കോതകുറുശി പത്തംകുളം കുണ്ടടിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് മുഹമ്മദലിയെ എത്തിച്ചത്. സംഘത്തിലുള്ളവർ മദ്യപിച്ച് അബോധാവസ്ഥയിലായതിനുപിന്നാലെ രക്ഷപ്പെടുകയായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദലി വിപിഎം ഇന്റർനാഷണൽ ഗ്രൂപ്പ് മേധാവിയും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനുമാണ്.










0 comments