വിദ്യാർഥികളുമായി വിനോദയാത്രയ്ക്കുപോയ ബസ് കത്തിനശിച്ചു

ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്കുപോയ ടൂറിസ്‌റ്റ് ബസ് ദേവദാനപ്പട്ടിയിൽ തീപിടിച്ചപ്പോൾ
ഒറ്റപ്പാലം
വരോട് കെപിഎസ്എംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിദ്യാർഥികളുമായി വിനോദയാത്രയ്ക്കുപോയ ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു. തേനി പെരിയകുളം ദേവദാനപ്പട്ടിയിൽ ഞായർ പകൽ 11നാണ് സംഭവം. ഹയർ സെക്കൻഡറി വിഭാഗത്തിലെ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെ 49 പേരാണ് ശനി രാവിലെ വിനോദയാത്രയ്‌ക്ക് പോയത്. കൊടൈക്കനാലിൽനിന്ന് മൂന്നാറിലേക്ക് പോകുംവഴി ദേവദാനപ്പട്ടിയിൽ എത്തിയപ്പോൾ ബസിന് തീപിടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കെ ബസിന്റെ പുറകുവശത്തെ ടയർ ആദ്യം പൊട്ടി. ശബ്ദം കേട്ടതും ബസ് റോഡരികിലേക്ക് ഒതുക്കിനിർത്തി. ടയർ പൊട്ടിയതറിഞ്ഞ് എല്ലാവരും ബസിൽനിന്ന് പുറത്തിറങ്ങി. ഇതിനിടയിൽ പൊട്ടിയ ടയറിന്റെ ഭാഗത്തുനിന്ന് തീ പടരുകയായിരുന്നു. പിന്നീട് തീ ആളിപ്പടർന്നു. ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. അപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ബസിന്റെ ടയർ പൊട്ടിയത് നോക്കാൻ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. യാത്രികരുടെ വസ്‌ത്രങ്ങളടങ്ങിയ ബാഗുകളും മൊബൈൽ ഫോണുകളും പണവും മറ്റും കത്തിനശിച്ചു.









0 comments