റെക്കോഡിട്ട് ഏപ്രിലിലെ ബജറ്റ് ടൂറിസം; വരുമാനം 22.49 ലക്ഷം

പാലക്കാട് ഡിപ്പോയിൽനിന്ന് പുറപ്പെട്ട ഉല്ലാസയാത്രാ സംഘം നെല്ലിയാമ്പതിയിൽ

സ്വന്തം ലേഖകൻ
Published on May 10, 2026, 12:48 AM | 1 min read
പാലക്കാട്
അവധിക്കാലം ആനവണ്ടിക്കൊപ്പം ആഘോഷിച്ച് ആയിരങ്ങൾ. ഏപ്രിലിൽ ജില്ലയിലെ കെഎസ്‌ആർടിസി ബജറ്റ് ടൂറിസത്തിലൂടെ നേടിയത് 22.49 ലക്ഷം രൂപ. പാലക്കാട് ഡിപ്പോ– 11.80 ലക്ഷം , മണ്ണാർക്കാട്–8.37 ലക്ഷം, ചിറ്റൂർ– 2.65 ലക്ഷം എന്നിങ്ങനെയാണ് ഡിപ്പോകളിൽനിന്നുള്ള വരുമാനം. കഴിഞ്ഞവർഷം ഏപ്രിലിലെ വരുമാനത്തിനെ അപേക്ഷിച്ച് 25 ശതമാനം വർധനവാണ് കണക്കാക്കുന്നത്. മൂന്ന് ഡിപ്പോകളിൽനിന്ന് 114 യാത്രകളിലൂടെയാണ് നേട്ടം. സാധാരണ മാസങ്ങളിൽ 13 മുതൽ 14 ലക്ഷം രൂപവരെയാണ് ബജറ്റ് ടൂറിസത്തിലൂടെ ജില്ലയിലെ കെഎസ്‌ആർടിസി സ്വന്തമാക്കുന്നത്. പാലക്കാട് ഡിപ്പോയിൽനിന്നാണ് ഏറ്റവും കൂടുതൽ യാത്രകൾ പുറപ്പെട്ടത്. പാലക്കാട്ടുനിന്ന് നെല്ലിയാമ്പതിയിലേക്ക് 12 യാത്രകളുണ്ടായി. സൈലന്റ്‌വാലി, ഇല്ലിക്കൽക്കല്ല്, ഗവി എന്നിവിടങ്ങളിലേക്ക് അഞ്ചും ഗുരുവായൂരിലേക്ക് നാലും മൂന്നാർ, ആലപ്പുഴ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് മൂന്നും യാത്രകളുണ്ടായി. മണ്ണാർക്കാട് ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് 10 യാത്രകൾ. ഗവിയിലേക്ക് അഞ്ചും ഇല്ലിക്കൽകല്ലിലേക്ക് നാലും ആലപ്പുഴ, മൂന്നാർ, സൈലന്റ്‌വാലി എന്നിവിടങ്ങളിലേക്ക് മൂന്നും വാഗമൺ, മലക്കപ്പാറ, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് രണ്ടും നിലമ്പൂരിലേക്ക് ഒരു യാത്രയും. ചിറ്റൂർ ഡിപ്പോയിൽനിന്നാണ് താരതമ്യേന കുറവ്. നെല്ലിയാമ്പതിയിലേക്ക് അഞ്ചും ആലപ്പുഴ, മൂന്നാർ, ഗവി എന്നിവിടങ്ങളിലേക്ക് മൂന്നും വാഗമൺ, കൊച്ചി, മലക്കപ്പാറ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് രണ്ടും യാത്രകൾ. ജില്ലയിൽനിന്നുള്ള ആദ്യത്തെ ഗോവൻ യാത്രയും ഏപ്രിലിലുണ്ടായി. പാലക്കാട് ഡിപ്പോയിൽനിന്നായിരുന്നു ഇതര സംസ്ഥാനത്തിലേക്ക് ജില്ലയിൽനിന്ന് നടന്ന ആദ്യത്തെ കെഎസ്‌ആർടിസി വിനോദയാത്ര. കഴിഞ്ഞ 30ന് എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിൽ 38 യാത്രക്കാരാണ് പുറപ്പെട്ടത്. സഞ്ചാരികൾ രണ്ട് പകലും ഒരു രാത്രിയും ഗോവയിൽ ചെലവഴിച്ചു. ഗൈഡ് സംവിധാനവും ഉണ്ടായി. മേയിലെ യാത്രകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വരും യാത്രകൾക്കുള്ള ബുക്കിങ്ങുകളും അതിവേഗം പൂര്‍ത്തിയാകുന്നു. മൂന്ന് ഡിപ്പോകളിൽനിന്നായി 128 യാത്രകളാണ് ഇത്തവണ. 25നാണ് ഗോവൻ യാത്ര. ഏപ്രിലിൽ ലഭിച്ചതിനേക്കാളും ഉയർന്ന വരുമാനമാണ് കെഎസ്‌ആർടിസി പ്രതീക്ഷിക്കുന്നത്.










0 comments