ബിജെപി സഹായം
അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്

അഗളി
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്ന അഗളി പഞ്ചായത്തിൽ ബിജെപി സഹായത്താൽ വിജയിച്ച് യുഡിഎഫ്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ വോട്ട് അസാധുവാക്കിയതോടെയാണ് യുഡിഎഫ് ജയം. യുഡിഎഫിലെ മുസ്ലിം ലീഗ് അംഗം സജിന നവാസാണ് വൈസ് പ്രസിഡന്റായത്. ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നും പട്ടിമാളം വാർഡ് അംഗം ശാന്താമണിയും യുഡിഎഫിലെ സജിന നവാസും ബിജെപിയിലെ ലതയുമാണ് മത്സരിച്ചത്. ആകെ 21 അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് ഒൻപത്, യുഡിഎഫ് 10, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു വോട്ടുനില. കേവല ഭൂരിപക്ഷം ആർക്കും ലഭിക്കാതെ വന്നതോടെ ഏറ്റവും കുറവ് വോട്ട് ലഭിച്ച ബിജെപി അംഗത്തെ മത്സരത്തിൽനിന്ന് മാറ്റി വീണ്ടും വോട്ടെടുപ്പ് നടന്നു. ഇതിൽ ബാലറ്റിൽ ഒന്നും രേഖപ്പെടുത്താതെയിട്ട രണ്ട് ബിജെപി വോട്ടുകളും അസാധുവായി. എൽഡിഎഫ് ഒൻപതും യുഡിഎഫ് 10 വോട്ടുകളും നേടി. ജൂലൈ 14ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി കൂടി പിന്തുണച്ചതോടെയാണ് പാസായത്. കേവല ഭൂരിപക്ഷത്തിന് 11 വോട്ടുകൾ വേണമെന്നിരിക്കെ ബിജെപി പിന്തുണയിൽ 12 വോട്ട് നേടിയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ ആദ്യം തെരഞ്ഞെടുക്കപ്പെട്ട ചെമ്മണ്ണൂർ വാർഡിലെ സിപിഐ എം അംഗം ഗീത ശശിധരന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ മഞ്ജു ബിനുവിനെ പ്രസിഡന്റാക്കി സിപിഐ എം ഭരണം പിടിച്ചിരുന്നു. ഗീത ശശിധരനെ വൈസ് പ്രസിഡന്റുമാക്കി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം മഞ്ജു ബിനു പ്രസിഡന്റ് സ്ഥാനം രാജിവച്ചു കോൺഗ്രസിനോപ്പം പോയിരുന്നു.








0 comments