ബേർഡ് അറ്റ്‌ലസിന് തുടക്കം

പാലക്കാട് ബേർഡ് അറ്റ്‌ലസ് സർവേയിൽ പങ്കെടുക്കുന്നവർ
പാലക്കാട്
ജില്ലയിലെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്ന ‘പാലക്കാട് ബേർഡ് അറ്റ്‌ലസ് സീസൺ 2.0’ന് തുടക്കം. വനംവകുപ്പിന്റെ സഹകരണത്തോടെ പരിസ്ഥിതി,- പക്ഷി നിരീക്ഷണ സംഘടനകളാണ് സർവേയ്‌ക്ക് നേതൃത്വം നൽകുന്നത്. ജില്ലയെ 1.1 ചതുരശ്ര കിലോമീറ്ററുള്ള 410 സബ്-സെല്ലുകളാക്കി തിരിച്ചാണ് സർവേ. മഴക്കാലം, വേനൽക്കാലം എന്നിങ്ങനെ രണ്ട് ഘട്ടമായാണ് ഒരു വർഷത്തെ നിരീക്ഷണം. മൂന്ന് വർഷത്തിനുള്ളിൽ നിരീക്ഷണം പൂർത്തിയാക്കി സമഗ്രമായ പക്ഷിഭൂപടം തയ്യാറാക്കുകയാണ് ലക്ഷ്യം. ചിറ്റൂർ നറണിപ്പുഴ പാലത്തിനുസമീപം സുമേഷ് അച്യുതൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പാലക്കാട് പ്രസിഡന്റ് ഡോ. രാജേഷ് രാധാകൃഷ്ണൻ അധ്യക്ഷനായി. ബേർഡ് അറ്റ്‌ലസിന്റെ ജില്ലാ കോ– ഓർഡിനേറ്റർ വിവേക് സുധാകരൻ സർവേയുടെ രീതിയും ലക്ഷ്യങ്ങളും വിവരിച്ചു. എൻഎച്ച്എസ്‌പി സെക്രട്ടറി ലതിക ആനോത്ത്, ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയംഗം ലിജോ പനങ്ങാടൻ, എൻജിഐ സെക്രട്ടറി നാരായണ സ്വാമി, ബിഎഫ്‌ഒ ബിൻസി എന്നിവർ സംസാരിച്ചു. എൻഎച്ച്എസ്‌പി രക്ഷാധികാരി കൃഷ്ണമൂർത്തി സ്വാഗതവും ഡോ. വിവേക് വൈദ്യനാഥൻ നന്ദിയും പറഞ്ഞു.










0 comments