ലുക്കിൽ സൈക്കിൾ, യാത്രയിൽ ബൈക്ക്

എ തുളസീദാസ്
Published on Oct 05, 2025, 12:00 AM | 1 min read
കൊല്ലങ്കോട്
കൂട്ടുകാരൊക്കെ സൈക്കിൾ ചവിട്ടി ക്ഷീണിക്കുമ്പോൾ അഫ്സലിന്റെ ചിന്ത വ്യത്യസ്‌തമായിരുന്നു. സൈക്കിളിൽ ഒരു യന്ത്രം ഘടിപ്പിച്ചാലെന്താ... കയറ്റത്തിൽ തള്ളണ്ട, ക്ഷീണിക്കുകയുമില്ല. സ്വപ്നത്തിന് പിന്നാലെ പോയപ്പോൾ ഒടുവിൽ ആരും അത്ഭുതപ്പെടുന്ന സൈക്കിൾ സ്വന്തമായി.
മോപ്പഡ് എൻജിൻ ഘടിപ്പിച്ച സൈക്കിളിലാണ് ഇപ്പോൾ അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ പത്താംതരം വിദ്യാർഥിയുടെ യാത്ര. അയിലൂർ തോട്ടുംപള്ള തിരിഞ്ഞക്കോട് മൻസൂർ അലി–ബെൻസീന ദമ്പതികളുടെ മകനാണ് അഫ്സൽ.
ഉപ്പ വാങ്ങിക്കൊടുത്ത ബിഎസ്‍എ ലേഡി ബേഡ് സൈക്കിളിലാണ് ആഗ്രഹം യാഥാർഥ്യമാക്കിയത്. ടിവിഎസ് മോപ്പഡിന്റെ പഴയ എൻജിനും അഞ്ച് ലിറ്ററിന്റെ ടാങ്കും അനുബന്ധ സംവിധാനങ്ങളും വെൽഡ് ചെയ്ത് സൈക്കിളിൽ ഘടിപ്പിച്ചു. പരീക്ഷണ ഓട്ടത്തിൽ 50 കിലോമീറ്റർവരെ മൈലേജും ലഭിച്ചു.
വീടിനുമുന്നിൽ ആളുകൾക്ക് സൈക്കിൾ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാറുമുണ്ട് അഫ്സൽ. സ്കൂൾ ശാസ്ത്രമേളയിൽ റോബോട്ട് നിർമിച്ചും ഹൈസ്കൂൾ വിദ്യാർഥികൾക്കുമാത്രമുള്ള യങ് ഇന്നൊവേഴ്‌സ് പ്രോഗ്രാം മത്സരത്തിൽ "ബൈസൈക്കിൾ വാട്ടർ പമ്പ്" എന്ന ആശയം അവതരിപ്പിച്ച് ജില്ലാതലംവരെയെത്തി. സഹോദരൻ അൻസിൽ അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്.









0 comments