ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

മഴയെ അവഗണിച്ച് ഭാരതപ്പുഴയിൽ മണൽത്തിട്ടയിൽനിന്ന് മീൻ പിടിക്കുന്നവർ. മായന്നൂർ പാലത്തിൽനിന്നുള്ള കാഴ്ച / ഫോട്ടോ: സുമേഷ് കോടിയത്ത്
പാലക്കാട്
മഴ കനത്തതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. പലയിടങ്ങളിലും ഇരുകരകളും തൊട്ടാണ് പുഴയൊഴുകുന്നത്. മൺസൂൺ ആരംഭിച്ചിട്ടും വേണ്ടത്ര വെള്ളമില്ലാതിരുന്ന പുഴ, മഴ സജീവമായി ദിസങ്ങൾക്കുള്ളിലാണ് നിറഞ്ഞൊഴുകുന്നത്. കൈവഴികളായ ചെറുപുഴകളിൽനിന്നും തോടുകളിൽനിന്നും വലിയ അളവിൽ വെള്ളം എത്തുന്നുണ്ട്. അതേസമയം മലമ്പുഴ അണക്കെട്ടിൽ നീരൊഴുക്ക് വർധിച്ചെങ്കിലും ജലനിരപ്പിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. 115.06 മീറ്റർ പരമാവധി ജലനിരപ്പുള്ള അണക്കെട്ടിൽ 107.27 മീറ്റർ മാത്രമാണ് നിലവിലെ ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പിൽ മാറ്റം ഉണ്ടായേക്കാം. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ഭാരതപ്പുഴയിൽ വീണ്ടും അതിവേഗം ജലനിരപ്പ് ഉയരും. കഴിഞ്ഞ ദിവസം മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിലെ ഷട്ടറുകൾ തുറന്നിരുന്നു. മംഗലം അണക്കെട്ടിൽ ആറ് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ 60 സെന്റിമീറ്റർവരെ ഉയർത്തിയേക്കും. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ് 77.18 മീറ്റർവരെ വെള്ളമുണ്ട്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ മൂന്ന് ഷട്ടറുകൾ രണ്ട് സൈന്റിമീറ്റർ വീതമാണ് തുറന്നത്. 95.96 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 97.50 മീറ്ററാണ് ഇവിടെ പരമാവധി ജലനിരപ്പ്. പുഴകളിൽ ഇറങ്ങരുതെന്നും കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കർശന നിർദേശമുണ്ട്.










0 comments