ad
Deshabhimani

നെല്ലിയാമ്പതിയിൽ പ്ലാസ്റ്റിക്കിന്‌ വിലക്ക്‌

 കലക്‌ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കലക്ടർ ജി പ്രിയങ്ക സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 04, 2025, 12:27 AM | 1 min read

പാലക്കാട്‌

നെല്ലിയാമ്പതിയിലേക്ക്‌ ഇനി പ്ലാസ്റ്റിക്‌ കടത്തില്ല. സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമേഖലയാകാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്‌ തീരുമാനം. നെല്ലിയാമ്പതിയെ "ഹരിത ഡെസ്റ്റിനേഷൻ' പദവിയിലേക്ക്‌ ഉയർത്തുകയാണ്‌ ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. പദ്ധതിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കർമപദ്ധതി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പുകൾ, അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കും. അഞ്ച് ലിറ്ററിൽ താഴെയുള്ള കുപ്പികൾ, പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, കപ്പുകൾ, ബാഗുകൾ, പ്ലാസ്റ്റിക് സാഷെകൾ, വിനൈൽ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈൽ ക്ലോറൈഡ് കോപോളിമർ എന്നിവ അടങ്ങിയ വസ്‌തുക്കൾ, നോൺ വുവൺ കാരി ബാഗുകൾ, ലാമിനേറ്റ് ചെയ്‌ത ബേക്കറി ബോക്‌സുകൾ എന്നിവയാണ്‌ നിരോധിച്ചത്‌. പകരം വാട്ടർ കിയോസ്‌കുകൾ, കോപ്പർ, സ്റ്റീൽ കുപ്പികൾ, സ്റ്റീലോ പ്രകൃതിദത്ത വസ്തുക്കളോ ഉപയോഗിച്ചുള്ള പാത്രങ്ങൾ തുണിയോ പേപ്പറോ ഉപയോഗിച്ചുള്ള ബാഗുകൾ എന്നിവ ഉപയോഗിക്കാം. കലക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ കലക്ടർ ജി പ്രിയങ്ക അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ സജി തോമസ്, ജില്ലാ ശുചിത്വ മിഷൻ കോ–- ഓർഡിനേറ്റർ ജി വരുൺ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home