ad
Deshabhimani

മലയാളിക്കെന്നും പ്രിയപ്പെട്ട 
"അയൽക്കാരൻ'

bagyaraj
avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 01:00 AM | 1 min read

പാലക്കാട്‌

കോയമ്പത്തൂർ ഗോപിച്ചെട്ടിപ്പാളയത്തെ വെള്ളൻകോയിൽ ഗ്രാമത്തിൽനിന്ന് തമിഴ് സിനിമയുടെ സിംഹാസനത്തിലേക്ക് നടന്നുകയറിയ കെ ഭാഗ്യരാജ് എന്ന പ്രതിഭ മലയാളിക്ക് അന്യനാട്ടുകാരനായിരുന്നില്ല. തമിഴ്‌ ജീവിതവും തനത് സംസ്കാരവും വെള്ളിത്തിരയിൽ പകർത്തിയ അദ്ദേഹം മലയാളികൾക്ക് എന്നും ഹൃദയത്തോട് ചേർന്നൊരു "അയൽപക്കക്കാരൻ' ആയിരുന്നു. എൺപതുകളിൽ സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം കേരളത്തിലെ തലമുറകൾക്ക് ഏറെ പരിചിതനാണ്. മലയാളത്തോട്‌ എന്നും സ്നേഹവും ആത്മബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിലെ നടിമാരായ ഉർവശിയെയും കൽപ്പനയെയും തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ​ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തിയ "മുന്താണൈ മുടിച്ച്‌' എന്ന കോമഡി റൊമാന്റിക്‌ ചിത്രത്തിലൂടെയാണ് ഉർവശി തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1983-ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാളികളും ഇരുകൈയുംനീട്ടി സ്വീകരിച്ചു. അദ്ദേഹം തന്നെ സംവിധാനം ചെയ്ത "ചിന്നവീട്‌" എന്ന സിനിമയിലൂടെയാണ് കൽപ്പന തമിഴകത്തേക്കെത്തുന്നത്. ​"മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ പൂർണിമ ജയറാമാണ്‌ ഭാര്യ. 2018-ൽ കേരള ചലച്ചിത്ര അക്കാദമിയുടെ അവാർഡ്ദാന പരിപാടി പാലക്കാട് നഗരത്തിൽ നടന്നപ്പോൾ അദ്ദേഹം മുഖ്യാതിഥിയായി എത്തിയതും പാലക്കാടിന്റെ പ്രിയപ്പെട്ട ഓർമകളിലുണ്ട്. സിനിമയിലെ അതിർത്തികൾ മായ്ച്ച ആ വലിയ കലാകാരനെ മലയാളി എക്കാലവും നെഞ്ചിലേറ്റുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home