തുല്യത എഴുതിയത് 2,666 പഠിതാക്കൾ

പാലക്കാട്
ജില്ലയിൽ കഴിഞ്ഞ വർഷം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയത് 2,666 പഠിതാക്കൾ. ഹയർസെക്കൻഡറി–-1535, എസ്‌എസ്‌എൽസി–982, ഏഴാം ക്ലാസ്–113, നാലാം ക്ലാസ്–36 എന്നിങ്ങനെയാണ് പഠിതാക്കളുടെ എണ്ണം. പരീക്ഷയിൽ 91 ശതമാനമാണ് ജില്ലയിലെ വിജയം. ഹയർസെക്കൻഡറി പരീക്ഷയെഴുതിയ 77 വയസ്സുള്ള അലനെല്ലൂരിലെ ശ്രീദേവിയാണ് പ്രായക്കൂടുതലുള്ള പഠിതാവ്. ആലത്തൂരിലെ 70 വയസ്സുള്ള സെയ്ത് അബ്‌ദുൾ റഹ്മാനാണ് എസ്‌എസ്‌എൽസിയിൽ കൂടുതൽ പ്രായമുള്ള പഠിതാവ്. 32 ഓളം പഠനകേന്ദ്രങ്ങളിൽ ഞായറാഴ്‌ചകളിലും അവധി ദിവസങ്ങളിലുമായിരുന്നു ക്ലാസുകൾ. ഹയർസെക്കൻഡറിക്ക് രണ്ട് വർഷവും മറ്റുള്ളവയ്‌ക്ക് ഒരുവർഷവുമാണ് ക്ലാസുണ്ടായത്. കൂടാതെ നിലവിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ബ്രെയിൽ പഠിതാക്കൾക്കുള്ള പ്രത്യേക തുല്യതാ ക്ലാസുകളും അതിഥിത്തൊഴിലാളികൾക്കുള്ള "ചങ്ങാതി' തുല്യതാ ക്ലാസും നടക്കുന്നുണ്ട്. കഞ്ചിക്കോട് കേന്ദ്രീകരിച്ചാണ് ചങ്ങാതി ക്ലാസുകൾ. സാക്ഷരതാമിഷൻ പുതിയ അധ്യയന വർഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലാണ് ഹയർ സെക്കൻഡറി തുല്യത. നാലും ഏഴും ക്ലാസുകളിലേക്ക് ഫീസില്ല. എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് രജിസ്ട്രേഷൻ ഫീസ് മാത്രം മതി. ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് കോഴ്‌സ് ഫീസും രജിസ്ട്രേഷൻ ഫീസും സൗജന്യം. 25 വരെ പിഴ ഇല്ലാതെയും 26 മുതൽ ജൂൺ നാലുവരെ 50 രൂപ പിഴയോടും അഞ്ചുമുതൽ 15 വരെ 250 രൂപ സൂപ്പർ ഫൈനോടെയും രജിസ്റ്റർ ചെയ്യാം. നഗരസഭകളിലും പഞ്ചായത്തുകളിലുമുള്ള സാക്ഷരതാ പ്രേരക്‌മാർ മുഖേനയും ഓൺലൈനിലൂടെയും നേരിട്ടും രജിസ്റ്റർ ചെയ്യാം.










0 comments