തൃണമൂൽ കോൺഗ്രസിൽ നേതൃമാറ്റത്തിന് നീക്കം; വിമതപക്ഷം പുതിയ പ്രവർത്തക സമിതി രൂപീകരിച്ചു

മമത ബാനർജി (ഇടത്), ഋതബ്രത ബാനർജി (വലത്)
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. നേതൃത്വത്തെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബത്ര ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ ദേശീയ പ്രവർത്തക സമിതി രൂപീകരിച്ചു.
30 അംഗങ്ങളുള്ള പുതിയ സമിതിയുടെ ചെയർപേഴ്‌സണായി അനൂപ് റോയിയെ തെരഞ്ഞെടുത്തു. പാർട്ടി ഘടനയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് 'ഉപദേശക' എന്ന പദവിയിൽ തുടരാമെന്നാണ് വിമതരുടെ നിലപാട്.
നേതൃമാറ്റം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. വരും ദിവസങ്ങളിൽ സംസ്ഥാന, ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും വിമതർ അറിയിച്ചു.
മമത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തതായും കാണിച്ച് ഇവർ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മമത ബാനർജി ഉപദേശകയായി നിന്ന് തങ്ങളെ നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഋതബത്ര ബാനർജി പറഞ്ഞു.
വിമതരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് തൃണമൂൽ നേതൃത്വം നേരിടുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും ദുരുപയോഗം ചെയ്ത വിമതർ മമത ബാനർജിയെ വഞ്ചിക്കുകയാണെന്ന് ടിഎംസി നേതാവ് കുനാൽ ഘോഷ് ആരോപിച്ചു.
പാർട്ടി ഫണ്ടിലും വരുമാന സ്രോതസുകളിലും അന്വേഷണം വേണമെന്ന ഋതബത്രയുടെ ആവശ്യം പാർട്ടി നേതൃത്വത്തിന് നേരെയുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
യാഥാർത്ഥ തൃണമൂൽ തങ്ങൾക്കൊപ്പമാണെന്ന അവകാശവാദവുമായി വിമതർ മുന്നോട്ട് പോകുമ്പോൾ, ഇത്തരം നീക്കങ്ങളെ ബംഗാൾ ജനത തള്ളിക്കളയുമെന്നാണ് നേതൃത്വത്തിന്റെ മറുപടി.










0 comments