പവർക്കട്ടിന് കാരണം പസഫിക് സമുദ്രത്തിലെ 'എൽ നിനോ'; വിചിത്ര വാദവുമായി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വൈദ്യുതി ക്ഷാമത്തിനും കറണ്ട് കട്ടിനും കാരണം പസഫിക് സമുദ്രത്തിലെ 'എൽ നിനോ' പ്രതിഭാസമാണെന്ന വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പീക്ക് അവറുകളിലെ (രാത്രികാലങ്ങളിലെ) കറണ്ട് കട്ട് എത്ര നാൾ തുടരേണ്ടി വരുമെന്ന വി ജോയ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. എൽ നിനോ പ്രതിഭാസം ശക്തമായതോടെ രാജ്യത്തുടനീളം അന്തരീക്ഷ ഊഷ്മാവ് വർധിച്ചതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി മന്ത്രി പറഞ്ഞത്. എന്നാൽ, നിയന്ത്രണം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
'സംസ്ഥാനത്ത് പരമാവധി 4100 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചൂട് കൂടിയതോടെ ഇത് 4900 മെഗാവാട്ടായി ഉയർന്നു. ദിവസേനയുള്ള ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനയാണുണ്ടായത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വായ്പയായി വൈദ്യുതി വാങ്ങിയിരുന്നു. ജൂൺ 14 മുതൽ ഇത് തിരികെ നൽകാമെന്നായിരുന്നു കരാർ. ഈ ബാധ്യത നിലനിൽക്കുന്നതിനാൽ 15 മുതൽ വൈദ്യുതി മടക്കി നൽകിത്തുടങ്ങി.
ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ ശക്തി പ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കുറഞ്ഞിട്ടില്ല. അണക്കെട്ടുകളിലെ ജലനിരപ്പും ഗണ്യമായി താഴ്ന്നു. ആഭ്യന്തര ഉൽപാദനം (1700 MW), കേന്ദ്ര വിഹിതം (1701 MW), ദീർഘകാല കരാറുകൾ (612 MW) എന്നിവ വഴി പൂർണ്ണതോതിൽ വൈദ്യുതി ലഭിച്ചിട്ടും, ഈ മാസം 16 മുതൽ 30 വരെയുള്ള കാലയളവിൽ പ്രതിദിനം 900 മെഗാവാട്ടിന്റെ കുറവുണ്ട്.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത വെറും 5 ശതമാനമായി ചുരുങ്ങി. ഈ പ്രതിസന്ധികൾ കാരണമാണ് ജൂൺ 16 മുതൽ രാത്രി 9 മണിക്കും 12 മണിക്കും ഇടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നതെ'ന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ മുൻ വർഷങ്ങളിലും എൽ നിനോ പ്രതിഭാസമുണ്ടായിരുന്നെന്നും ആ പ്രതിസന്ധികൾ ഫലപ്രദമായി മറികടക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നെന്നും യു ആർ പ്രദീപ് എംഎൽഎ ഓർമിപ്പിച്ചു.










0 comments