ad
Deshabhimani

ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; ചർച്ചകളിൽ നിന്ന് ഇറാൻ സംഘം ഇറങ്ങിപ്പോയി: സ്ഥിരീകരിച്ച് അധികൃതർ

സ്വിറ്റ്‌സർലൻഡിൽ , യുഎസ് - ഇറാൻ പ്രതിനിധി സംഘങ്ങൾ ചർച്ചയ്‌ക്കെത്തിയപ്പോൾ| IMAGE CREDIT : AFP

സ്വിറ്റ്‌സർലൻഡിൽ , യുഎസ് - ഇറാൻ പ്രതിനിധി സംഘങ്ങൾ ചർച്ചയ്‌ക്കെത്തിയപ്പോൾ| IMAGE CREDIT : AFP

വെബ് ഡെസ്ക്

Published on Jun 23, 2026, 01:02 PM | 2 min read

ജനീവ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി സ്വിറ്റ്സർലൻഡിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ അമേരിക്കയുടെ ധിക്കാരപരമായ നിലപാടുകളെത്തുടർന്ന് പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ റോഡ്മാപ്പിന് ധാരണയായിരുന്നുവെങ്കിലും, ഇറാനെതിരെ വീണ്ടും ഏകപക്ഷീയമായ നിബന്ധനകൾ അടിച്ചേൽപ്പിക്കാനുള്ള യുഎസ് നീക്കമാണ് ചർച്ചകൾ പ്രതിസന്ധിയിലാകാൻ കാരണമായത്.


ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും യുഎസ് ഉപരോധങ്ങൾ പൂർണമായി നീക്കാൻ വിസമ്മതിക്കുന്നതുമായ നിലപാടാണ് ചർച്ചയുടെ അവസാന ഘട്ടത്തിൽ അമേരിക്കൻ പ്രതിനിധികൾ സ്വീകരിച്ചത്. ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ മേഖലകൾക്ക് മേലുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്താമെന്ന മുൻ ധാരണകളിൽ നിന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സംഘവും പിന്നോട്ടുപോയി. ഇതോടെ, രാജ്യത്തിന്റെ സുരക്ഷയിലും ആത്മാഭിമാനത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് വ്യക്തമാക്കുകയായിരുന്നു.


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നഗ്നമായ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സ്വിറ്റ്സർലൻഡിൽ നടന്ന ഉന്നതതല സമാധാന ചർച്ച ഇറാൻ പ്രതിനിധികൾ ബഹിഷ്കരിച്ചത്. ചർച്ചയിൽ ഇറാൻ സംഘത്തെ നയിച്ച പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് തന്നെയാണ് അമേരിക്കയുടെ ചതിയും ധാർഷ്ട്യവും മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥിരീകരിച്ചത്. സാമ്രാജ്യത്വ ശക്തികളുടെ ഭീഷണികൾക്ക് കീഴിൽ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ സംഘം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.


ട്രംപിന്റെ ഏകപക്ഷീയമായ നിലപാടുകളാണ് സമാധാന ശ്രമങ്ങളെ അട്ടിമറിച്ചതെന്ന് ഘാലിബാഫ് വ്യക്തമാക്കി. "ഞാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് നേരിട്ട് പറഞ്ഞു, ഞങ്ങൾ ഇവിടെ വന്നത് പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾക്കാണ്. ഒപ്പിട്ട കരാറിലെ ആദ്യ വ്യവസ്ഥ തന്നെ ഭീഷണികളോ നിർബന്ധിത നടപടികളോ പാടില്ല എന്നാണ്. എന്നിട്ടും നിങ്ങളുടെ പ്രസിഡന്റ് പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നു. സമ്മർദ്ദങ്ങൾക്ക് കീഴടങ്ങി ചർച്ച നടത്താൻ ഞങ്ങളെ കിട്ടില്ല"- ഘാലിബാഫ് തുറന്നടിച്ചു. ഇതോടെയാണ് ഇറാൻ സംഘം ചർച്ചകൾ അവസാനിപ്പിച്ച് ഹാളിൽ നിന്ന് പുറത്തുപോയതും പിന്നീട് തിരികെ വരാതിരുന്നതും.


മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും പാകിസ്ഥാനും ചേർന്ന് ചർച്ചകൾ വിജയത്തിലെത്തിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും വാഷിംഗ്ടണിന്റെ യുദ്ധക്കൊതിയും ധാർഷ്ട്യവും എല്ലാ ശ്രമങ്ങളെയും നിഷ്പ്രഭമാക്കി. ലെബനൻ അതിർത്തിയിലെ സമാധാന ശ്രമങ്ങളെയും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ക്രമീകരണങ്ങളെയും ബാധിക്കുന്നതാണ് യുഎസിന്റെ ഈ ചതിവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ചർച്ചകളെ ഒരു ആയുധമാക്കുകയാണ് അമേരിക്കയെന്ന് ഇതോടെ ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home