ad
Deshabhimani

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറിയ സംഭവം: ലോറിക്ക് പാസ്സില്ല; ഡ്രൈവർക്ക് ലൈസൻസില്ല

Tipper.jpg

അപകടത്തിൽ തകർന്ന ടിപ്പർ|ഫോട്ടോ:ദേശാഭിമാനി

വെബ് ഡെസ്ക്

Published on Jun 23, 2026, 12:53 PM | 1 min read

കൊല്ലം: കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ ലോറിക്ക് മണ്ണെടുക്കാൻ പാസ്സില്ലെന്നും, ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.


സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ആനി ജൂല തോമസ് അറിയിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഹെവി ഡ്രൈവിംഗ് ലൈസൻസില്ലാതെയാണ് ഇയാൾ ടിപ്പർ ലോറി ഓടിച്ചിരുന്നത്.


രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും ടിപ്പർ ലോറികൾ നിരത്തിലിറക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് അപകടം നടന്നത്. നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ഫിറ്റ്‌നസ് റദ്ദാക്കി.


പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എംവിഡി അറിയിച്ചു. വണ്ടിയിൽ അനുവദിച്ചതിലും കൂടുതൽ ഭാരമുണ്ടായിരുന്നു (ഓവർലോഡ്) എന്നും പരിശോധനയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നീലേശ്വരം മുക്കോലിമുക്കിൽ ദാരുണമായ അപകടം നടന്നത്.


എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സ്വകാര്യ കോളേജ് അധ്യാപകൻ ഹരിലാൽ (54), പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, അജയകുമാർ (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്.


ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അമിതവേഗതയിലായിരുന്ന ലോറി അനിയന്ത്രിതമായി പാഞ്ഞുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.


സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ടിപ്പർ ലോറി ഡ്രൈവർ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാൽ, ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home