റേഷനരി വില കൂട്ടിയ നടപടി പിൻവലിക്കണം: കെഎസ്കെടിയു

തിരുവനന്തപുരം: റേഷന്‍കടകളിലൂടെ ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിയുടെ വില ഒന്നര ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് കിലോയ്ക്ക് 26 രൂപയാക്കിയ നടപടി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കിലോക്ക് 10.90 രൂപ നിരക്കിലാണ് അരി വിതരണം ചെയ്തിരുന്നത്. ആ സ്ഥാനത്താണ് അരിവില ഒന്നരയിരട്ടി വര്‍ധിപ്പിച്ച് ഓണക്കാലത്ത് ജനങ്ങളുടെ മേല്‍ കടുത്ത ഭാരം കെട്ടിയേല്‍പ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പിങ്ക് കാര്‍ഡില്‍ നല്‍കിയ അഞ്ച് കിലോ അരി മൂന്ന് കിലോയാക്കി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയില്‍ പൊതുവിഭാഗത്തിന് വിതരണം ചെയ്ത 15 കിലോ അരി, ഈ ആഗസ്തിൽ 7 കിലോയായി ചുരുക്കാനും യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഓണക്കാലത്ത് മണ്ണെണ്ണയിലും വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്ണെണ്ണ വിഹിതത്തില്‍ 16 ലക്ഷം ലിറ്ററാണ് കുറവ്. 89,97,632 കുടുംബങ്ങളെ വിലക്കയറ്റവും വെട്ടിചുരുക്കലും കാര്യമായി ബാധിക്കും.
ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കാന്‍ വന്‍കിട കച്ചവടക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന യുഡിഎഫ് സര്‍ക്കാര്‍, ഓണത്തിന്റെ പൊലിമ വിലക്കയറ്റത്തിലൂടെ ഇല്ലാതാക്കുകയാണ്. ഈ നിലപാട് പ്രതിഷേധാര്‍ഹവും മലയാളികളോടുള്ള വെല്ലുവിളിയുമാണ്. ഓണത്തിനെ വാമന ജയന്തിയാക്കി മാറ്റാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്-സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം നടപടികളെന്ന് സംശയമുണ്ട്. മലയാളികളുടെ മഹോത്സവമായ ഓണത്തെ പട്ടിണിയിലേക്ക് വലിച്ചിഴയ്ക്കുന്ന നിലപാടുകള്‍ പിന്‍വലിച്ച്, ഓണം റേഷനരിയുടെ വില കുറച്ച് വിതരണം ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെഎസ്കെടിയു ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.










0 comments