ad
Deshabhimani

യുപിഐ ഇടപാട്: പ്രതിഷേധങ്ങൾക്ക് പിന്നാലെ ഫീസ് ഏർപ്പെടുത്തുന്നതിൽ മലക്കംമറിഞ്ഞ് കേന്ദ്രം

UPI FEE
വെബ് ഡെസ്ക്

Published on Aug 08, 2026, 09:41 PM | 2 min read

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നിലപാട് മയപ്പെടുത്തി കേന്ദ്രസർക്കാർ. സാധാരണ ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്നുമാണ് ധനമന്ത്രാലയത്തിന്റെ പുതിയ വിശദീകരണം. എന്നാൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് ഭാവിയിൽ ചെറിയ നിരക്കിൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള സാധ്യത കേന്ദ്രം തുറന്നിട്ടിട്ടുണ്ട്.


യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെ ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യത്ത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ ഉപഭോക്തൃ, വ്യാപാരി മേഖലകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ‘ സാധാരണ ഉപഭോക്താക്കൾക്ക് യുപിഐ സൗജന്യമായി തുടരും’ എന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.


യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നിയമപരമായ സാധ്യത കേന്ദ്രം നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ, 2026 വഴി പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10Aയിൽ ഭേദഗതി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ യുപിഐ ഇടപാടുകൾക്ക് MDR ഏർപ്പെടുത്താനുള്ള നിയമപരമായ വഴിയാണ് ഇതിലൂടെ തുറക്കുന്നത്.


നിലവിൽ യുപിഐ ഇടപാടുകൾക്ക് ‘സീറോ MDR’ സംവിധാനമാണ് നിലനിൽക്കുന്നത്. 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10A പ്രകാരം യുപിഐ ഉൾപ്പെടെയുള്ള നിർദ്ദിഷ്ട ഡിജിറ്റൽ ഇടപാടുകൾക്ക് ഉപഭോക്താവിൽനിന്നോ വ്യാപാരിയിൽനിന്നോ ഫീസ് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. 2020 ജനുവരി ഒന്നുമുതൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് സീറോ-MDR നയവും നടപ്പാക്കിയിരുന്നു.


‘സൗജന്യമായി ശീലിപ്പിച്ചശേഷം ഫീസ് ഏർപ്പെടുത്താനുള്ള നീക്കമാണോ’ എന്ന ചോദ്യമാണ് പൊതുജനം ഉന്നയിക്കുന്നത്. ചായക്കട മുതൽ പൊതുഗതാഗതം വരെയുള്ള ദൈനംദിന ഇടപാടുകളിൽ യുപിഐ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഭാവിയിൽ ഫീസ് ഏർപ്പെടുത്താനുള്ള വാതിൽ തുറന്നിടുന്നത് ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നതാണ്.


നിലവിലെ വിശദീകരണം പ്രകാരം, ഭാവിയിൽ MDR ഏർപ്പെടുത്തിയാലും എല്ലാ വ്യാപാരി ഇടപാടുകൾക്കും അത് ബാധകമാകില്ല. നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും നിരക്ക് ബാധകമാകുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിലെ MDRനേക്കാൾ വളരെ കുറഞ്ഞ നിരക്കായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.


ബിൽ പാർലമെന്റ് പാസാക്കിയശേഷം MDR സംബന്ധിച്ച അന്തിമ തീരുമാനം യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി എടുക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. അതായത് നിലവിൽ ഫീസ് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാവിയിൽ ഫീസ് ഈടാക്കാനുള്ള നിയമപരമായ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേന്ദ്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home