ad
Deshabhimani

കൂലിപ്പണിക്കാർ അങ്ങനെ തുടരും; 'ഹിന്ദു രാഷ്ട്രം' എന്നാൽ കോർപറേറ്റ് കുത്തകകളുടെ ഏകാധിപത്യം: പ്രഭാത് പട്നായിക്

Prabhat Patnaik

പ്രഭാത് പട്നായിക്ക്

വെബ് ഡെസ്ക്

Published on Jun 23, 2026, 12:40 PM | 7 min read

ന്യൂഡൽഹി: ഇന്ത്യയെ ഒരു 'ഹിന്ദു രാഷ്ട്രം' ആക്കി മാറ്റുകയെന്ന ആർ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യം യഥാർത്ഥത്തിൽ രാജ്യത്തെ കോർപ്പറേറ്റ് കുത്തകകളുടെ ഏകാധിപത്യത്തിന് വഴിതുറക്കലാണെന്ന് പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും ചിന്തകനുമായ പ്രഭാത് പട്നായിക്. നിലവിലെ ഭരണഘടന ഉറപ്പുനൽകുന്ന പൗരസമത്വം ഇല്ലാതാക്കി, ഹിന്ദുക്കൾക്ക് മുൻഗണന നൽകുന്ന ഒരു ഭരണസംവിധാനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. എന്നാൽ, ഇത് നടപ്പിലാക്കാൻ സവിശേഷമായ ഒരു അടിച്ചമർത്തൽ ഭരണകൂടം ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ഹിന്ദു രാഷ്ട്രത്തിൽ ഭൂരിപക്ഷ സമുദായത്തിലെ സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളിൽ യാതൊരുവിധ പുരോഗതിയും ഉണ്ടാകാൻ പോകുന്നില്ലെന്ന് പ്രഭാത് പട്നായിക് വ്യക്തമാക്കുന്നു.


ഭരണകൂടത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ഹിന്ദു ആചാരങ്ങൾക്കും പ്രാർത്ഥനകൾക്കും പ്രാധാന്യം ലഭിക്കുകയും, അത്തരം തൊഴിൽ മേഖലകളിൽ ഹിന്ദുക്കൾക്ക് മുൻഗണന നൽകുകയും ചെയ്തേക്കാം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ കോർപ്പറേറ്റുകൾ വ്യാപകമായി നടപ്പിലാക്കുന്നതോടെ നിലവിലുള്ള തൊഴിലുകൾ പോലും ഇല്ലാതാകും. ന്യൂനപക്ഷങ്ങൾ കടുത്ത അടിച്ചമർത്തലുകൾ നേരിടേണ്ടി വരുമ്പോൾ, ഭൂരിപക്ഷ സമുദായത്തിലെ സാധാരണക്കാരുടെ ദുരിതങ്ങൾക്ക് യാതൊരു പരിഹാരവും ഉണ്ടാകില്ല. ചുരുക്കത്തിൽ, അദാനി, അംബാനി തുടങ്ങിയ വൻകിട കോർപ്പറേറ്റുകളുടെ പൂർണമായ നിയന്ത്രണത്തിലായിരിക്കും ഈ രാജ്യം. ഒരു ഹിന്ദു രാഷ്ട്രത്തിലും സാധാരണ തൊഴിലാളിയോ, റിക്ഷാക്കാരനോ, ഗിഗ് ജീവനക്കാരോ അവരുടെ മതം എന്തായാലും അതേ അവസ്ഥയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


1930-കളിൽ ജർമ്മനിയിൽ ഹിറ്റ്‌ലറുടെ നാസി പാർട്ടി 'ആര്യൻ മേധാവിത്വം' ഉയർത്തിപ്പിടിച്ച് ജൂതന്മാരെയും ജിപ്സികളെയും വേട്ടയാടിയ ചരിത്രത്തോട് ഈ സാഹചര്യത്തെ പ്രഭാത് പട്നായിക് ഉപമിക്കുന്നു. ജർമ്മനിയിലെ നാസി ഭരണകൂടം യഥാർത്ഥത്തിൽ ഒരു ആര്യൻ രാഷ്ട്രമായിരുന്നില്ല. മറിച്ച്, ഫിനാൻസ് മൂലധനത്തിന്റെ ഏറ്റവും ക്രൂരവും വിനാശകരവുമായ ഏകാധിപത്യമായിരുന്നു അതെന്ന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ നേതാവായിരുന്ന ജോർജി ദിമിത്രോവിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.


വംശീയവും മതപരവുമായ ചേരിതിരിവുകൾ സൃഷ്ടിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കാനും, തങ്ങളുടെ ഏകാധിപത്യം ഉറപ്പിക്കാനുമാണ് കോർപ്പറേറ്റ് മൂലധനം ഇത്തരം പ്രത്യയശാസ്ത്രങ്ങളെ ഉപയോഗിക്കുന്നത്. നവലിബറൽ നയങ്ങൾ മൂലം സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാവുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം തീവ്ര നിലപാടുകൾ സ്വീകരിക്കുന്നത്.


ആർ എസ് എസിന്റെ അടിത്തറ മുൻപ് ചെറുകിട വ്യാപാരികളിലും നഗരങ്ങളിലെ മധ്യവർഗത്തിലുമായിരുന്നു. എന്നാൽ നരേന്ദ്ര മോദിയാണ് കോർപ്പറേറ്റ്-ഹിന്ദുത്വ സഖ്യത്തിന്റെ പ്രധാന ശില്പിയായി മാറിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഇൻവെസ്റ്റേഴ്സ് സമ്മിറ്റിലാണ് മോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ വൻകിട മുതലാളിമാർ തുടങ്ങിയത്. കോർപ്പറേറ്റുകളുടെയും അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദി പൂർണമായി വിജയിച്ചുവെന്നും അതുകൊണ്ടാണ് നവലിബറൽ മുതലാളിത്തത്തിന്റെ തകർച്ചയുടെ കാലത്ത് ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് മോദി ഒരു വലിയ ആശ്വാസമായി മാറുന്നതെന്നും പ്രഭാത് പട്നായിക് വിലയിരുത്തുന്നു.


വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിനിൽക്കുമ്പോഴും അതിനെക്കുറിച്ച് സംസാരിക്കാൻ ഭരണകൂടം തയ്യാറാകുന്നില്ല. പകരം, 'ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം' ഉയർത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കാനും ഭയപ്പെടുത്താനുമാണ് ആർ എസ് എസ്-ബി ജെ പി സഖ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം തന്റെ രാഷ്ട്രീയ വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു.


ഇന്ത്യയെക്കാൾ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഒരു രാജ്യത്തുനിന്നും ജനങ്ങൾ എന്തിനാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് എന്ന യുക്തിസഹമായ ചോദ്യവും അദ്ദേഹം കേന്ദ്ര സർക്കാരിന് നേരെ ഉയർത്തുന്നു. ബി ജെ പിയുടെ തന്നെ വിലയിരുത്തൽ പ്രകാരം ഒരു രാജ്യത്തിന്റെ പുരോഗതി അളക്കുന്നത് അവിടുത്തെ 'പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പാദനം' മാനദണ്ഡമാക്കിയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയേക്കാൾ കൂടുതലാണ്. അതായത്, ബി ജെ പിയുടെ സ്വന്തം വാദപ്രകാരം ഇന്ത്യയേക്കാൾ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നതും പുരോഗതി കൈവരിച്ചതുമായ രാജ്യമാണ് ബംഗ്ലാദേശ്.


തങ്ങളെക്കാൾ സാമ്പത്തിക പുരോഗതിയും ഉയർന്ന വരുമാനവുമുള്ള ഒരു രാജ്യത്തുനിന്നും ജനങ്ങൾ കൂട്ടത്തോടെ വരുമാനം കുറഞ്ഞ ഇന്ത്യയിലേക്ക് എന്തിനാണ് കുടിയേറുന്നത് എന്ന് വിശദീകരിക്കാൻ ബി ജെ പി നേതൃത്വത്തിന് സാധിക്കുമോ എന്ന് പട്നായിക് ചോദിക്കുന്നു. തൊഴിലില്ലായ്മയും കോർപ്പറേറ്റ് പ്രീണനവും മൂലം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ജനങ്ങളുടെയും പ്രത്യേകിച്ച് യുവാക്കളുടെയും ശ്രദ്ധ തിരിച്ചുവിടാൻ നിർമിച്ചെടുത്ത ഒരു കൃത്രിമ രാഷ്ട്രീയ അജണ്ട മാത്രമാണ് ഈ നുഴഞ്ഞുകയറ്റ വാദമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അർജന്റീന, യു എസ്, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ കാണുന്ന നവ-ഫാസിസ്റ്റ് മുന്നേറ്റങ്ങളുടെ ഇന്ത്യൻ പതിപ്പ് മാത്രമാണ് ഇവിടെയുള്ള ഹിന്ദുത്വ രാഷ്ട്രീയമെന്നും പ്രഭാത് പട്നായിക് തന്റെ വിശകലനത്തിൽ വ്യക്തമാക്കുന്നു.


പ്രഭാത് പട്നായികിന്റെ ലേഖനത്തിന്റെ പൂർണരൂപം:


എന്താണ്‌ ഹിന്ദുരാഷ്‌ട്രം?


പ്രഭാത് പട്നായിക്ക്


ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്‌എസ്‌) ലക്ഷ്യം. ഹിന്ദു രാഷ്ട്രം എന്നാൽ യഥാർഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? ഇതിനുള്ള വ്യക്തവും പെട്ടെന്നുള്ളതുമായ മറുപടി ഇതായിരിക്കും: മതം നോക്കാതെ എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന നിലവിലെ സമത്വത്തിന് പകരം, അത്തരം ഒരു രാഷ്ട്രത്തിൽ മറ്റ് മതസ്ഥരെ അപേക്ഷിച്ച്, പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലീങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾക്ക് ഉയർന്ന പദവി ഉണ്ടായിരിക്കും. എന്നാൽ ഇത്തരം അസമത്വം പ്രത്യേക അടിച്ചമർത്തൽ ഭരണവ്യവസ്ഥയില്ലാതെ നിലനിർത്താൻ കഴിയില്ല; വർഗപരമായ -അടിച്ചമർത്തൽ സാമൂഹ്യവ്യവസ്ഥയുള്ള എല്ലാ രാഷ്‌ട്രങ്ങളിലും ഭരണകൂടം മർദക സ്വഭാവമുള്ളവയാണ്, എന്നാൽ ഈ രീതിയിലുള്ള അസമത്വത്തെ സ്ഥാപനവൽക്കരിക്കുന്ന ഭരണകൂടം കൂടുതൽ വ്യക്തമായ അടിച്ചമർത്തൽ സ്വഭാവമുള്ളതായിരിക്കണം. അങ്ങനെയെങ്കിൽ, ഹിന്ദു രാഷ്ട്രം എന്നാൽ ഹിന്ദുക്കൾ എന്ന് വിളിക്കപ്പെടുന്ന കൂട്ടായ്മ മറ്റ് മതങ്ങളിൽപ്പെട്ടവർക്കുമേൽ നടത്തുന്ന ഏകാധിപത്യമാണോ?


ഈ ചോദ്യം ഉന്നയിക്കുന്ന നിമിഷം തന്നെ, അതിനുള്ള ഉത്തരം വ്യക്തമായും "അല്ല" എന്നാണ്. ഒരു റിക്ഷാ തൊഴിലാളിയുടെ മതം എന്തായാലും ഹിന്ദു രാഷ്ട്രത്തിൽ അവൻ റിക്ഷാ തൊഴിലാളിയായി തന്നെ തുടരും; ഒരു ശിപായിയുടെ മതം എന്തായാലും അവൻ ശിപായിയായി തന്നെ തുടരും; ഒരു ഗിഗ്-തൊഴിലാളിയുടെ മതം എന്തായാലും അവൻ ഗിഗ്-തൊഴിലാളിയായി തന്നെ തുടരും. ഹിന്ദു രാഷ്ട്രം എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം ഭൂരിപക്ഷം ഹിന്ദുക്കളുടെയും ഭൗതിക ജീവിത സാഹചര്യങ്ങളിൽ യാതൊരു മാറ്റവും വാഗ്ദാനം ചെയ്യുന്നില്ല, അത് കൈവരിക്കുകയുമില്ല; അങ്ങനെയെങ്കിൽ, ഇത്തരമൊരു ഭരണകൂടവുമായി നിർബന്ധമായും ബന്ധപ്പെട്ടിരിക്കുന്ന ഏകാധിപത്യം ആരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിക്കപ്പെടുക? അതിന്റെ വ്യക്തമായ ഉത്തരം ഇതാണ്: കുത്തക മൂലധനത്തിന്റെ (monopoly capital) താല്പര്യങ്ങൾക്ക് വേണ്ടി. ഹിന്ദു രാഷ്ട്രം, അതിന്റെ പേര് സൂചിപ്പിക്കുന്നതിന് വ്യത്യസ്‌തമായി, കുത്തക മൂലധനത്തിന്റെ ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല.


സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായി ഹിന്ദു ആചാരങ്ങളുടെയും ഹൈന്ദവ മത ചടങ്ങുകളുടെയും മേമ്പൊടി തീർച്ചയായും ഉണ്ടാകും, കൂടാതെ ജോലിക്കായുള്ള തെരഞ്ഞെടുപ്പുകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഹിന്ദുക്കൾക്ക് മുൻഗണന നൽകുമെന്നതിലും സംശയമില്ല; എന്നാൽ പുതിയ ജോലികൾ ഇന്നത്തേതു പോലെ ആയിരിക്കില്ല, കോർപ്പറേറ്റുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നടപ്പിലാക്കുന്നത് കാരണം നിലവിലുള്ള ജോലികൾ പോലും ഇല്ലാതാവുകയും ചെയ്യും. മുസ്ലീങ്ങളും മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളും കടുത്തതും ബഹുമുഖവുമായ അടിച്ചമർത്തലുകൾ നേരിടുമ്പോൾ, ഹിന്ദുക്കൾക്ക് തങ്ങളുടെ മേലുള്ള അടിച്ചമർത്തലുകളിൽ നിന്ന് ഒരുവിധ ആശ്വാസവും അനുഭവപ്പെടുകയുമില്ല. ആരുടെ അധികാരമാണ്‌ ഇവിടെ ശക്തമാകുക, അത് കുത്തക മുതലാളിത്ത വർഗത്തിന്റേതാണ്‌. കൂടാതെ ഈ വർഗ്ഗത്തിനുള്ളിൽ തന്നെ കുത്തക മുതലാളിത്തത്തിന്റെ പുതിയ ഗ്രൂപ്പാണ്; മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഹിന്ദു രാഷ്ട്രം എന്നത് പൊതുവെ ഇന്ത്യൻ വൻകിട കോർപ്പറേറ്റുകളും, പ്രത്യേകിച്ച് അദാനിമാരും അംബാനിമാരും ഭരിക്കുന്ന ഭരണകൂടമായിരിക്കും.


ഇത് 1930-കളിലെ ജർമ്മനിയിലെ സാഹചര്യത്തെ ഓർമ്മിപ്പിക്കുന്നതാണ്; അവിടെ നാസികൾ ജൂതന്മാരെയും (ഒരു വ്യക്തി "ആര്യൻ ജൂതൻ" ആകുന്നത് അസാധ്യമാണെന്നാണ് നാസികൾ കരുതിയിരുന്നത്) ജിപ്സികളെയും (അതുപോലെ ഒരു "ആര്യൻ ജിപ്സി"യും അസാധ്യമായി കണക്കാക്കപ്പെട്ടിരുന്നു) ഇരകളാക്കിക്കൊണ്ട് "ആര്യൻ മേധാവിത്വം" നടപ്പിലാക്കുകയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ നാസി ഭരണകൂടം "ആര്യൻ രാഷ്ട്രം" ആയിരുന്നില്ല; അത് സ്ഥാപിച്ച ഏകാധിപത്യം, 1935-ൽ നടന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസിൽ അതിന്റെ പ്രസിഡന്റ് ജോർജി ദിമിത്രോവിന്റെ വാക്കുകളിൽ പറഞ്ഞാൽ, "ധന മൂലധനത്തിലെ ഏറ്റവും പ്രതിലോമകരവും, ഏറ്റവും അന്ധമായ ദേശീയത പുലർത്തുന്നതും, ഏറ്റവും സാമ്രാജ്യത്വപരവുമായ ഘടകങ്ങളുടെ നഗ്നമായ ഭീകര ഏകാധിപത്യം" ആയിരുന്നു.


ഒരു ഭരണകൂടത്തെ അതിന്റെ നേതാക്കൾ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടണമെന്നില്ല; നമ്മൾ ചോദിക്കേണ്ട ചോദ്യം ഇതാണ്: സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തെ ഉപയോഗിക്കുന്ന 'വർഗ്ഗം' ഏതാണ്? സമകാലിക ലോകത്ത് ജനാധിപത്യത്തെ തകർക്കുകയും മറ്റ് ജനവിഭാഗങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഏതെങ്കിലും വംശീയ, മത അല്ലെങ്കിൽ ഭാഷാ ഗ്രൂപ്പിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന എല്ലാ ഭരണകൂടങ്ങളും, യഥാർത്ഥത്തിൽ കുത്തക മൂലധനത്തിന്റെ താൽപ്പപര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. അവർ അതിന്റെ ഏകാധിപത്യം സ്ഥാപിക്കുകയും അധ്വാനിക്കുന്ന ജനങ്ങളെ വംശീയ, മത, ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ആധുനികവും വൈവിധ്യപൂർണ്ണവുമായ സമൂഹത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായുള്ള ഭരണകൂടം അടിച്ചേൽപ്പിക്കുന്നത്, യഥാർഥത്തിൽ കുത്തക മൂലധനത്തിന്റെ ഏകാധിപത്യത്തിന് തുല്യമാണ്.


ഇവിടെ ചോദ്യം ഉയർന്നേക്കാം: നിലവിലുള്ള "മതനിരപേക്ഷ" രാഷ്‌ട്രം പോലും ഇതിനകം തന്നെ കുത്തക മൂലധനത്തിന്റെ ആധിപത്യത്തിലാണെന്നിരിക്കെ, കുത്തക മൂലധനത്തിന് അതിന്റെ ഏകാധിപത്യം ഉൾക്കൊള്ളുന്ന തികച്ചും വ്യത്യസ്തമായ പുതിയ ഹിന്ദു-മേധാവിത്വ ഭരണസംവിധാനത്തിന്റെ ആവശ്യമെന്താണ്, അതിനായി അവർ എന്തിനാണ് സഹായിക്കുന്നത്? ഭരണവ്യവസ്ഥയുടെ മുൻരൂപം ഗുരുതര ഭീഷണി നേരിടുമ്പോൾ മാത്രമേ ഇത്തരമൊരു മാറ്റത്തിന്റെ ആവശ്യം വ്യക്തമായും ഉയർന്നുവരുന്നുള്ളൂ; സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാവുകയും തൊഴിലില്ലായ്മ വൻതോതിൽ വർധിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് അത് സംഭവിക്കുക. ഹിന്ദു രാഷ്ട്രത്തിന്റെ മറവിൽ കുത്തക മൂലധനത്തിന്റെ ഏകാധിപത്യത്തിലേക്കുള്ള ഇന്നത്തെ നീക്കം, സമ്പദ്‌വ്യവസ്ഥയെ സ്തംഭനാവസ്ഥയിലേക്കും വലിയൊരു വിഭാഗം അധ്വാനിക്കുന്ന ജനങ്ങളെ കടുത്ത തൊഴിലില്ലായ്മയിലേക്കും കടുത്ത ദുരിതത്തിലേക്കും നയിച്ച നവ-ഉദാരീകരണ ഭരണകൂടത്തിന്റെ വഴിമുട്ടലിനെയാണ് പ്രതിഫലിപ്പിക്കുന്നത്.


അധ്വാനിക്കുന്ന ജനങ്ങൾക്ക് പ്രതിരോധത്തിനും സമരത്തിനുമുള്ള വലിയ സാധ്യതകൾ ജനാധിപത്യം നൽകുന്നുണ്ട്, അതിനാലാണ് പ്രതിസന്ധിയുടെ ഏതൊരു ഘട്ടത്തിലും ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നത്; അതിലൂടെ കുത്തക മൂലധനത്തിന്റെ ആധിപത്യത്തിന് നേരെയുള്ള ഭീഷണി നിയന്ത്രണവിധേയമാക്കാൻ അവർക്ക് സാധിക്കുന്നു. എന്നാൽ പ്രതിസന്ധി നീണ്ടുനിൽക്കുകയും അതിന്റെ ആധിപത്യത്തിന് നേരെയുള്ള ഭീഷണി തുടരുകയും ചെയ്യുമ്പോൾ, കുത്തക മൂലധനം കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുന്നു. ജനങ്ങളെ വിഭജിക്കാൻ ഏറ്റവും കൂടുതൽ കഴിവുള്ള ശക്തിയുമായി അത് സഖ്യമുണ്ടാക്കുന്നു; ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഒരു ബദൽ ചർച്ച സൃഷ്ടിക്കുന്നതിനും, അധ്വാനിക്കുന്ന ജനങ്ങൾ ഒരുമിച്ച് പോരാടുന്നത് തടയുന്നതിനും, വർഗീയ രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ പേരിൽ ജനാധിപത്യത്തെ തകർക്കുന്നതിനെ ന്യായീകരിക്കുന്നതിനും വേണ്ടിയാണിത്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഇത് വാഗ്ദാനം ചെയ്യപ്പെടുന്ന ഹിന്ദു രാഷ്ട്രമാണ്.


ആർഎസ്‌എസും ബിജെപിയും ഉയർത്തുന്ന ചർച്ചകളുടെ ശ്രദ്ധ തിരിക്കൽ സ്വഭാവം നിലവിൽ തികച്ചും വ്യക്തമാണ്. രാജ്യത്തെ തൊഴിൽ ശക്തി, പ്രത്യേകിച്ച് യുവാക്കൾ തൊഴിൽ കിട്ടാതെ വലയുമ്പോൾ, വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വളരെ ഉയർന്നു നിൽക്കുമ്പോൾ, രാജ്യത്തെ ഭരണാധികാരികൾക്ക് ഈ അടിയന്തര പ്രശ്നത്തെക്കുറിച്ച് ഒരു വാക്ക് പോലും പറയാനില്ല; പകരം അവർ ബംഗ്ലാദേശിൽ നിന്നുള്ള കടന്നുകയറ്റത്തെക്കുറിച്ച് ഉച്ചത്തിൽ വിളിച്ചുപറയുകയാണ്! വിരോധാഭാസമെന്നു പറയട്ടെ, ബിജെപിയുടെ നിലപാട്‌ പ്രകാരം ഒരു രാജ്യത്തിന്റെ പ്രതിശീർഷ വരുമാനമാണ്‌ അതിന്റെ പുരോഗതിയുടെ സൂചികയെന്നിരിക്കെ, നിലവിൽ ഇന്ത്യയേക്കാൾ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ബംഗ്ലാദേശിനെ (ഐഎംഎഫ്‌ കണക്കുകൾ പ്രകാരം) ഇന്ത്യയേക്കാൾ വികസിതമായി കണക്കാക്കേണ്ടതുണ്ട്; അങ്ങനെയെങ്കിൽ, കൂടുതൽ വികസിതമായ ഒരു രാജ്യത്തുനിന്ന് കുറഞ്ഞ വികസനമുള്ള രാജ്യത്തേക്ക് തങ്ങൾ അവകാശപ്പെടുന്നതുപോലുള്ള വൻതോതിലുള്ള കടന്നുകയറ്റം എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ബിജെപിക്ക് വിശദീകരിക്കാൻ കഴിയുമോ?


ഇന്ത്യയിൽ ഈ അടുത്ത കാലത്തായി ഹിന്ദുത്വത്തിന് ഇത്രയധികം വളർച്ചയുണ്ടായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ലിബറൽ ചിന്താഗതിക്കാർ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ ഉദയം ലോകമെമ്പാടുമുള്ള നവ-ഫാസിസത്തിന്റെ വളർച്ചയുടെ ഭാഗമാണെന്ന കാര്യം ശ്രദ്ധിക്കാൻ അവർ പരാജയപ്പെടുന്നു; അതുകൊണ്ടുതന്നെ ഈ വളർച്ചയ്ക്ക് ഇന്ത്യയെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു വിശദീകരണം പര്യാപ്തമാകില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഹിന്ദുത്വത്തിന്റെ ഉദയം തനതായ പ്രതിഭാസമല്ല; അർജന്റീന മുതൽ യുഎസ്, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, യുകെ വരെയുള്ള മുതലാളിത്ത ലോകത്ത് മറ്റെവിടെയുമെന്നപോലെ ഇന്ത്യയിലും, നവ-ഉദാരീകരണ മുതലാളിത്തം ലോക സമ്പദ്‌വ്യവസ്ഥയെ എത്തിച്ച വഴിമുട്ടലിന്റെ പശ്ചാത്തലത്തിൽ, സാമ്പത്തിക-മാധ്യമ പിന്തുണയോടെ കുത്തക മൂലധനം ആസൂത്രണം ചെയ്ത ഒന്നാണിത്.


ആർഎസ്എസ് അടുത്തിടെ അതിന്റെ ശതാബ്ദി ആഘോഷിച്ചു; നൂറു വർഷമായി അധികാരത്തിന് അടുത്തെങ്ങുമില്ലാതിരുന്നിട്ടും പെട്ടെന്ന് അവർ അധികാരത്തിൽ പ്രതിഷ്ഠിതരായതും, ഇന്ന് ലോകത്തിലെ ഏറ്റവും "സമ്പന്നമായ രാഷ്ട്രീയ പാർട്ടി" എന്ന് അവകാശപ്പെടാൻ കഴിയുന്നതും നിലവിൽ കുത്തക മൂലധനത്തിൽ നിന്ന് അവർക്ക് ലഭിക്കുന്ന വൻ പിന്തുണ കൊണ്ടാണ്.


എന്നാൽ കുത്തക മൂലധനം മാത്രമല്ല ഹിന്ദുത്വത്തോട് ആഭിമുഖ്യം പുലർത്താൻ തുടങ്ങിയത്; ഹിന്ദുത്വ ഘടകങ്ങളും കുത്തക മൂലധനത്തോടുള്ള തങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആർഎസ്എസിന്റെ പ്രധാന പിന്തുണാ അടിത്തറ യഥാർത്ഥത്തിൽ വ്യാപാരികൾ, ചെറുകിട മുതലാളിമാർ, നഗരങ്ങളിലെ മധ്യവർഗം എന്നിവരായിരുന്നു, കൂടാതെ ചില നാടുവാഴി ഘടകങ്ങളുടെ സാമ്പത്തിക പിന്തുണയും അവർക്ക് ലഭിച്ചിരുന്നു. അധികാരം ലഭിക്കുന്നതിന് മുമ്പ് നാസികൾ ബാഹ്യമായി കുത്തക വിരുദ്ധ നിലപാട് സ്വീകരിച്ച ജർമ്മനിയിലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, ആർഎസ്എസ് ഒരിക്കലും കുത്തക വിരുദ്ധ വാചകക്കസർത്ത് നടത്തിയിരുന്നില്ല; എന്നാൽ ആർഎസ്എസ് പൂർണമായും കുത്തക മൂലധനത്തിന് അനുകൂലവുമായിരുന്നില്ല. സാമ്പത്തിക നയം ഹിന്ദുത്വ ശക്തികൾക്ക്‌ വലിയ ആശങ്കയുള്ള മേഖലയായിരുന്നില്ലെങ്കിലും, സാമ്പത്തിക നയത്തെക്കുറിച്ച് ഹിന്ദുത്വ ക്യാമ്പിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.


ഇതെല്ലാം മാറ്റിമറിച്ചു എന്നതാണ് നരേന്ദ്ര മോദിയുടെ സംഭാവന. കോർപ്പറേറ്റ്-–ഹിന്ദുത്വ സഖ്യത്തിന്റെ ശില്പിയായി അദ്ദേഹം മാറിയതുകൊണ്ടാണ് ഹിന്ദുത്വ ശ്രേണിയിൽ അദ്ദേഹത്തിന് പ്രാധാന്യം ലഭിച്ചത്; ഈ സഖ്യം രൂപീകരിച്ചുകൊണ്ടാണ് ഹിന്ദുത്വം അധികാരത്തിൽ വന്നതും. യഥാർത്ഥത്തിൽ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുക എന്ന ആശയം തന്നെ ആദ്യമായി ഉയർന്നുവന്നത്, മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെ നടന്ന "നിക്ഷേപക ഉച്ചകോടി(മുതലാളിമാരുടെ കൂട്ടായ്‌മ); പിന്നീട് മോദി കുത്തക മൂലധനത്തിന്റെ, പ്രത്യേകിച്ച് അതിലെ പുതിയ ഘടകങ്ങളുടെ, യാതൊരു മടിയുമില്ലാത്ത പരസ്യമായ പ്രോത്സാഹകനായി. ഈ പ്രക്രിയയിലൂടെ, നവ-ഉദാരീകരണ കാലഘട്ടത്തിൽ ഇന്ത്യൻ കുത്തക മൂലധനവുമായി സംയോജിക്കപ്പെട്ട ആഗോള ധന മൂലധനത്തിന്റെ പ്രോത്സാഹകനായും അദ്ദേഹം മാറി. നവ-ഉദാരീകരണ മുതലാളിത്തത്തിന്റെ സ്തംഭനാവസ്ഥയുടെ ഈ കാലഘട്ടത്തിൽ, നവ-ഫാസിസ്റ്റ് അജണ്ടയുള്ള മോദി ഇന്ത്യൻ കുത്തക മൂലധനത്തിന് പ്രത്യേകിച്ചും ഉപയോഗപ്രദമായ ഒരു ആസ്തിയായി മാറിയിരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home