തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തുടരുമെന്ന് മുഖ്യമന്ത്രി വിജയ്

Photo Credit: ANI
ചെന്നൈ: തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തന്നെ തുടരുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിഭാഷാ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് ആവർത്തിച്ച് പ്രഖ്യാപിച്ചത്. 1968ൽ അണ്ണാ സർക്കാരാണ് തമിഴ്നാട്ടിൽ 'ദ്വിഭാഷാ നയം' നടപ്പിലാക്കിയത്. തമിഴ്‌നാടിന്റെ ഔദ്യോഗിക ഭാഷയെന്ന നിലയിൽ തമിഴിനും നിലവിലുള്ള ദ്വിഭാഷാ നയത്തിനും പകരമായി മറ്റൊന്നുമില്ലെന്ന് വിജയ് പറഞ്ഞു.
"തമിഴ് ഭാഷയെ നമ്മുടെ ഭരണഭാഷയായി നിലനിർത്താനും സംരക്ഷിക്കാനും, അതോടൊപ്പം തന്നെ ഇംഗ്ലീഷ് മാധ്യമത്തിലൂടെ നമ്മുടെ വിദ്യാർഥികൾക്ക് ആഗോളതലത്തിൽ മികച്ച ബൗദ്ധിക-തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. തമിഴ്‌നാട്ടിൽ ഈ ദ്വിഭാഷാ നയം തന്നെ ശക്തമായി തുടരും" - മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ ഭാഷാപരമായ ചർച്ചകളും സംവാദങ്ങളും സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ഈ നിർണായക പ്രഖ്യാപനം.
മെഡിക്കൽ പ്രവേശനത്തിനുള്ള 'നീറ്റ്' (NEET) പരീക്ഷയ്‌ക്കെതിരെയും മുഖ്യമന്ത്രി നിയമസഭയിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു. നീറ്റ് പരീക്ഷ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് തുല്യമായ അവസരങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്. പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താൻ തമിഴ്‌നാടിനെ അനുവദിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ 'നീറ്റ്' പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ പൂർണ്ണമായും ഒഴിവാക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്. നീറ്റ് വിഷയത്തിൽ തമിഴ്നാടിനെ സ്വന്തമായി തീരുമാനമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരുമായി സംസ്ഥാനം ഉടൻ തന്നെ ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.









0 comments