തമിഴ്‌നാട് ഫാക്ടറിയിലെ വാതക ചോർച്ച: മരണ സംഖ്യ ഒൻപത് ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ ഫാക്ടറിയിൽ വാതകം ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു. തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ ഭക്ഷണ കയറ്റുമതി ഫാക്ടറിയിൽ അമോണിയ വാതക ചോർന്നാണ് അപകടമുണ്ടായത്. പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയർ-മഞ്ജംഗരനൈ പ്രദേശത്താണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അപകടത്തിൽ മരിച്ചവർ ഒഡിഷയിലെ കിയോഞ്ജർ സ്വദേശികളാണ്. മരിച്ച ഒൻപത് പേരും സ്ത്രീകളാണ്. ഷിബാനി, ജുമാനി ജുവാങ്, ഗീത ജുവാങ്, പുരിനാമ ജുവാങ്, ചമ്പബതി ജുവാങ്, പാർബവതി ജുവാങ്, സീത ഹസ്ദ, അഞ്ജിത സോറൻ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയർ മഞ്ചുങ്കരനായി പ്രദേശത്തെ പ്ലാന്റിൽ പതിവ് ജോലികൾക്കിടയിലാണ് വാതക ചോർച്ചയുണ്ടായത്. വാതകചോർച്ചയിൽ ആകെ 74 തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ 69 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 27 പേർ വെൽസ് ആശുപത്രിയിലും, 18 പേർ വെങ്കിടേശ്വര ആശുപത്രിയിലും, 11 പേർ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലും, 13 പേർ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. 2 പേർ ആശുപത്രി വിട്ടു.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും, മൂന്ന് ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ബാധിത പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും, പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.










0 comments