ad
Deshabhimani

ബിജെപി ന​ഗരസഭയുടെ പീഡനത്തിൽ മനംമടുത്തു; ദയാവധത്തിന് അനുമതി തേടി ദമ്പതികൾ

Surat Family Image Credit : India Today

Image Credit : India Today

വെബ് ഡെസ്ക്

Published on Jun 23, 2026, 12:20 PM | 1 min read

അഹമ്മദാബാദ്: ബിജെപി ഭരണത്തിന് കീഴിലുള്ള സൂറത്ത് ന​ഗരസഭ അധികൃതരുടെ നിരന്തരമായ പീഡനത്തിലും അനീതിയിലും മനംമടുത്ത് ദമ്പതികൾ ദയാവധത്തിന് അനുമതി തേടി ജില്ലാ കളക്ടറെ സമീപിച്ചു. സൂറത്തിലെ അഡാജൻ സ്വദേശികളായ മുകേഷ്ഭായ് ജാരിവാല (62), ഭാര്യ മനിഷാബെൻ (57) എന്നിവരാണ് ജീവനൊടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്തയച്ചത്.


തങ്ങളുടെ ഉടമസ്ഥതയിലുള്ള കടമുറികളിൽ ന​ഗരസഭ അധികൃതർ അനധികൃതമായി സീൽ വെച്ചതോടെയാണ് ദമ്പതികളുടെ ജീവിതം പ്രതിസന്ധിയിലായത്. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കെ, ന​ഗരസഭ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി നിരന്തരം പീഡിപ്പിക്കുകയാണെന്ന് ദമ്പതികൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.


തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനായി ഒരു പ്രാദേശിക ബിജെപി നേതാവിനെ കാണാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ദമ്പതികൾ പറഞ്ഞു. 2008 മുതൽ കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. എന്നിട്ടും 2021-ൽ യാതൊരു മുന്നറിയിപ്പുമില്ലാതെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ കടകൾ മുദ്രവെക്കുകയായിരുന്നു.


തങ്ങളുടെ ഉപജീവനമാർഗ്ഗം പൂർണമായും തടസ്സപ്പെടുത്തിയ അധികൃതർ, കെട്ടിടാവകാശവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുന്നതായും ഇവർ ആരോപിക്കുന്നു. നീതിക്കായി എല്ലാ വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് ജീവിക്കാനുള്ള അവകാശം നിഷേധിച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ദയാവധത്തിന് അപേക്ഷ നൽകാൻ ഇവർ നിർബന്ധിതരായത്.


2016 നവംബർ 7-നുണ്ടായ ഒരു വാഹനാപകടത്തിൽ മകൻ, മരുമകൾ, പേരക്കുട്ടികൾ, മകൾ, മരുമകൻ തുടങ്ങി ഒൻപത് കുടുംബാംഗങ്ങളെ ഇവർക്ക് നഷ്ടമായിരുന്നു. 2006-ൽ വാങ്ങിയ 11 ചെറിയ കടകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവർ ജീവിച്ചിരുന്നത്. ന​ഗരസഭ ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. വർഷങ്ങളായി നികുതി കൃത്യമായി അടയ്ക്കുന്ന തങ്ങളെ വഴിആധാരമാക്കിയ ന​ഗരസഭ ഭരണസമിതിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home