സോപ്പുപെട്ടിക്കുള്ളിൽ ഹെറോയിൻ; കൊച്ചിയിൽ അസം സ്വദേശി പിടിയിൽ

ഇജാജുൽ ഹഖ്
നെടുമ്പാശേരി: റൂറൽ ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും നെടുമ്പാശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപ വിലവരുന്ന 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ് (29) ആണ് പിടിയിലായത്.
അസമിൽ നിന്ന് ട്രെയിനിൽ തൃശൂരിലെത്തി അവിടെനിന്ന് കാറിൽ പിരാരൂരിൽ എത്തി റൂമിലേക്ക് പോകുന്ന വഴി അന്വേഷണസംഘം പിടികൂടിയായിരുന്നു. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടി ബോക്സുകളിലായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇയാൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് വില്പന നടത്തി പിറ്റേന്ന് തന്നെ വിമാനത്തിൽ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി. നാഗാലാൻഡിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനു കുമാർ, എസ്ഐമാരായ എം വി അരുൺ ദേവ്, മജു എം ലാൽ, എ സി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments