വിദ്യാർഥികൾക്കെതിരെ വിഷംതുപ്പൽ: അവസാനം പൊലീസ് നടപടി; ടി ജി മോഹൻദാസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമരംചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 11 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ്. മട്ടാഞ്ചേരിയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ പൊലീസാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. മോഹൻദാസിനെ വീട്ടിൽ തന്നെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ താനല്ല തീരുമാനമെടുക്കേണ്ടതെന്നാണ് ചെന്നിത്തല പറഞ്ഞത്.
വിവാദപരാമർശം വന്ന് ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ആഭ്യന്തരമന്ത്രിക്ക് നൽകി പരാതിയിലാണ് നടപടി. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു ആർഎസ്എസ് നേതാവിന്റെ പരാമർശം. നരേന്ദ്ര മോദി ഗുജറാത്ത് കലാപം അടിച്ചമർത്തിയപോലെ നേരിടണമെന്നും ആർഎസ്‌എസ് സൈദ്ധാന്തികനായ ടി ജി മോഹൻദാസ് പറഞ്ഞു. പത്രിക യുട്യൂബ് ചാനലിലൂടെയായിരുന്നു ഇൗ വിഷംതുപ്പൽ.
‘ഈ സിറ്റുവേഷൻ കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർമന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും. ഇതുപോലുള്ള പ്രക്ഷോഭം അടിച്ചമർത്തിയ ആളാണ് മോദി. ഗുജറാത്ത് കലാപം ഓർത്തുനോക്കുക. ഗുജറാത്തിലെ 14 ജില്ലയിൽ ആയിരുന്നു അന്ന് കലാപം. ഒരു ഭരണപരിചയവും ഇല്ലാത്ത നരേന്ദ്ര മോദി എന്ന ഭരണാധികാരിയാണ് അത് ഹാൻഡിൽ ചെയ്‌തത്’ എന്നും മോഹൻദാസ് പറയുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെയും അധിക്ഷേപിച്ചത്. മുമ്പും സാമുദായിക വിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ മോഹൻദാസ് നടത്തിയിട്ടുണ്ട്.









0 comments