ബാക്ക് ടു സ്കൂൾ
കുടയും ബാഗും വാങ്ങണ്ടേ

പാലക്കാട് ടിബി റോഡിലെ സ്കൂൾ വിപണിയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ
സ്വന്തം ലേഖിക
Published on May 09, 2026, 12:00 AM | 1 min read
പാലക്കാട്
ഡോറേമനും ബാർബിയും മാഷ ആൻഡ് ദി ബിയറും സ്പൈഡർമാനുമുണ്ടെങ്കിലും വിപണിയിൽ താരം നരൂട്ടോയും ഗോകുവുമാണ്. സ്കൂൾ വിപണി സജീവമായതോടെ പ്രിയപ്പെട്ട ആനിമി കഥാപാത്രങ്ങളുടെ പ്രിന്റുള്ള ബാഗും കുടയും തേടി കുട്ടി ആരാധകരെത്തിത്തുടങ്ങി. കടും ഓറഞ്ച് നിറവും സൂപ്പർ സയാൻ രൂപങ്ങളുമുള്ള ബാഗുകളും കുടകളും ലഞ്ച് ബോക്സുകളുമായി കടകളും തയ്യാർ. പ്രിന്റഡ് ബാഗുകൾക്ക് 700 രൂപ മുതലാണ് വില. സ്കൂൾ ബാഗുകൾക്ക് പുറമേ സ്റ്റിക്കറുകൾ, ടീ-ഷർട്ടുകൾ, വാട്ടർ ബോട്ടിലുകൾ, പെൻസിലുകൾ എന്നിവയിലും ‘ആനിമി' തരംഗം പ്രകടം. ഇരുനിറത്തിലുള്ള മീഡിയം വലുപ്പത്തിലുള്ള കൊറിയൻ ബാഗുകളോടാണ് പെൺകുട്ടികൾക്ക് പ്രിയം. പിങ്ക്, നീല, വെള്ള നിറങ്ങളിലുള്ള ബാഗുകൾക്ക് 500 മുതലാണ് വില തുടങ്ങുന്നത്. ബാഗുകൾക്കൊപ്പം ചേർച്ചയുള്ള ആനിമി സ്റ്റിക്കറുകളോ അല്ലെങ്കിൽ കൊറിയൻ സ്റ്റൈൽ കീചെയിനുകളോ വേണമെങ്കിൽ അതുമുണ്ട്. മുതിർന്ന കുട്ടികൾക്കുള്ള വിവിധ ബ്രാൻഡുകളുടെ ബാഗുകൾക്ക് 1,500 മുതലാണ് വില. ലഞ്ച് ബോക്സുകളിൽ സ്റ്റീൽ പാത്രങ്ങളോട് ആർക്കും താൽപ്പര്യം പോര. പല നിറത്തിലുള്ള കാസറോൾ മാതൃകയിലുള്ള ടിഫിൻ ബോക്സുകൾക്കാണ് ആവശ്യക്കാരേറെ. സ്ട്രോ ഉപയോഗിച്ചും അല്ലാതെയും വെള്ളം കുടിക്കാവുന്ന വാട്ടർബോട്ടിലുകളും കടകളിലുണ്ട്. സ്റ്റീലിലും പ്ലാസ്റ്റിക്കിലുമുള്ള കുപ്പികൾക്ക് വലുപ്പത്തിനനുസരിച്ചാണ് വില. കാല്‍ക്കുലേറ്ററുള്ള പെന്‍സില്‍ ബോക്സുകള്‍ക്കും ആവശ്യക്കാരേറെ. 200 മുതലാണ് വില. 60 രൂപമുതലുള്ള പെന്‍സില്‍ ബോക്സുകളും ലഭ്യമാണ്. നെയിംസ്ലിപ്പുകളിൽ കുട്ടികളുടെ മുഖം തന്നെ പ്രിന്റ് ചെയ്ത് ഉപയോഗിക്കാനാണ് താൽപ്പര്യമേറെ. ചെറിയ നോട്ട്ബുക്കുകൾക്ക് 25 മുതലും 200 പേജുള്ള വലിയ നോട്ട്ബുക്കുകൾക്ക് 40 രൂപമുതലുമാണ് വില. ഓൺലൈൻ വിപണി കച്ചവടത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ട്രെൻഡിനൊപ്പം പിടിച്ചുനിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.









0 comments