സാന്ത്വനമേകി മഹിളാ അസോസിയേഷൻ

മഹിള അസോസിയേഷൻ നേതാക്കൾ അട്ടപ്പാടിയിലെ ശിശുമരണം നടന്ന വീട് സന്ദർശിച്ചപ്പോൾ
പാലക്കാട്
അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ മഹിളാ അസോസിയേഷൻ നേതാക്കൾ കുട്ടികളുടെ വീടുകളും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സന്ദർശിച്ചു. കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അഗളി ധോണികുണ്ടിലെ രാജി – -സുനീഷ് ദമ്പതികളുടെയും മുരുകേഷ് – -ശിവകാമി ദമ്പതികളുടെയും വീടുകളും സന്ദർശിച്ചു. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ബിനുമോൾ, എ കെ ഷീലാദേവി, കെ ഓമന, ഏരിയ പ്രസിഡന്റ് മഹേശ്വരി, സെക്രട്ടറി ഗീത എന്നിവരും സംഘത്തിലുണ്ടായി. കുട്ടികളുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന്, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തി സ്ഥിതി വിലയിരുത്തി. പാലക്കാട് ഡിഎംഒ ബിന്ദു തോമസ്, ആശുപത്രി സൂപ്രണ്ട്, മറ്റ് ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തി. അട്ടപ്പാടിയിൽ കുറഞ്ഞുവന്ന ശിശുമരണങ്ങൾ വർധിച്ചതിനുപിന്നിലെ കാരണങ്ങൾ പഠിക്കണമെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. സുബൈദ ഇസഹാഖ്, കെ ബിനുമോൾ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരിക്കെ നടത്തിയ പ്രവർത്തനങ്ങളും നിലവിലെ വീഴ്ചകളും വിശദമായി ചർച്ച ചെയ്തു.









0 comments