print edition ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ല; നെതന്യാഹുവിന് വൻ തിരിച്ചടി

നെതന്യാഹു
ടെൽ അവീവ് : പശ്ചിമേഷ്യയെ ചോരയിൽ മുക്കിയ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. ഭരണസഖ്യത്തിന് കേവല ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. 120 സീറ്റുള്ള പാർലമെന്റിൽ (നെസറ്റ്) സർക്കാർ രൂപീകരിക്കാൻ 61 സീറ്റ് വേണം. എന്നാല്‍ അമേരിക്കൻ പിന്തുണയുള്ള നെതന്യാഹു ചേരിക്ക് 53 സീറ്റേ നേടാനായുള്ളൂ.
നെതന്യാഹുവിന്റെ ലിക്കുഡ് പാർടി 26 സീറ്റിലേക്ക് ചുരുങ്ങി. മുൻ സൈനികമേധാവി ഗാദി ഐസൻകോട്ട് നയിക്കുന്ന യാഷർ (21 സീറ്റ്) പാർടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 49 സീറ്റ് നേടി. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ 18 സീറ്റുള്ള അറബ്–-ഇടതുപക്ഷ കക്ഷികളുടെ നിലപാട് നിർണായകം.
നെതന്യാഹു സഖ്യത്തിലെ തീവ്ര വർഗീയ- കക്ഷികളായ ഷാസ് (7), യുണൈറ്റഡ് തോറ ജൂദായിസം (7), ഒട്‌സ്‌മ യഹൂദി (7), റിലീജിയസ് സയണിസ്റ്റ് പാർടി (6) എന്നിവയ്‌ക്കും ശക്തമായ തിരിച്ചടിയേറ്റു. 2023 ഒക്‌ടോബറിലെ ഹമാസ് ആക്രമണത്തെ തുടർന്ന് ഗാസയിൽ തുടക്കമിട്ട വംശഹത്യയും ഇറാൻ അധിനിവേശവും നെതന്യാഹവുവിനെതിരെ സൃഷ്‌ടിച്ച ജനവികാരം വ്യക്തമാക്കുന്നതാണ് വിധിയെഴുത്ത്.
ഇറാനിൽ യുദ്ധം പൂർത്തിയാക്കാൻ നെതന്യാഹുതന്നെ ജയിക്കണമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം. എന്നാൽ ഭരണസഖ്യത്തിന് 11 സീറ്റ് കുറഞ്ഞു. വലതുപക്ഷ കക്ഷികൾ നയിക്കുന്ന പ്രതിപക്ഷം രണ്ട് സീറ്റ് കൂട്ടിയപ്പോൾ അറബ് കക്ഷികൾ സീറ്റുകൾ ഇരട്ടിയാക്കി. 30 വർഷത്തെ ഏറ്റവും ഉർന്ന പോളിങ്ങായിരുന്നു ഇത്തവണ, 77.70 ശതമാനം.
ഫാസിസ്റ്റ് സഖ്യം പരാജയപ്പെട്ടെന്നും -അറബ് പുരോഗമന കക്ഷികൾ ഉൾപ്പെടെ നെതന്യാഹു വിരുദ്ധചേരി 65 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടിയെന്നും ഇടതുപക്ഷ- കക്ഷിയായ ഡെമോക്രാറ്റ്സ് ചെയർമാൻ യെയർ ഗൊലാൻ പ്രഖ്യാപിച്ചു. പുതിയ സർക്കാരിൽ അറബ്– ഇടതുപക്ഷ പുരോഗമന കക്ഷികളെയും ഉൾപ്പെടുത്തണമെന്നും കോർപ്പറേറ്റ് യുദ്ധവെറി അവസാനിപ്പിച്ച് ജനക്ഷേമ ബദലിലേക്ക് മാറണമെന്നും -ഇടതുപക്ഷം ആവശ്യപ്പെട്ടു.








0 comments