നൊമ്പരമായ് കണ്മണികൾ...

അഗളി കിലെയിൽ എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുട്ടികൾ മരണപ്പെട്ട രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു

സായൂജ് ചന്ദ്രൻ
Published on Nov 19, 2026, 12:12 AM | 2 min read
അഗളി
‘അത്രനേരം കണ്ണ് തുറന്നിരുന്ന ഞങ്ങളുടെ കുട്ടി പിന്നെ കണ്ണടച്ചു' ഇടർച്ചയോടെ ബിജു വാക്കുകൾ അവസാനിപ്പിച്ചു. അട്ടപ്പാടിയിൽ എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മുന്നിൽ വിങ്ങിപ്പൊട്ടി മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കൾ. ഷോളയൂരിലെ ബിജുവിന്റെയും ജ്യോതിമണിയുടെയും കുഞ്ഞ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജനിച്ചത്. വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത തുടങ്ങി. ഷോളയൂർ ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ ഉടൻ കോട്ടത്തറയിൽ എത്തിച്ചു. ഒരു മണിക്കൂർ വൈകിയാണ് ഡോക്ടർ എത്തിയത്. പരിശോധിച്ചപ്പോൾ കുട്ടിക്ക് ജീവനില്ല. ഷോളയൂരിലെ ശ്രുതിക്കും പറയാനുള്ളത് അധികൃതരുടെ കണ്ണുതുറക്കാത്ത ക്രൂരകഥ. രോഗം അധികമായ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ നിരസിച്ചു. പിന്നീട് ട്രെയിനിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ദിവസങ്ങൾക്കുള്ളിൽ മരിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിലുള്ളപ്പോൾ ആശുപത്രിയിലെ കാർ പാർക്കിങ് ഏരിയയിൽ ഭർത്താവ് മണികണ്ഠനൊപ്പം കഴിഞ്ഞു. ശ്രുതിയുടെ വാക്കുകൾ മുറിഞ്ഞു. ‘അഞ്ചാംമാസത്തിലാണ് എന്റെ കുഞ്ഞ് മരിച്ചത്' പങ്കനാരിപ്പള്ളത്തെ സൗമ്യയുടെ വാക്കുകളിൽ തന്റെ കുഞ്ഞ് അനുഭവിച്ച വേദനകളുടെ ആഴം പ്രകടമായിരുന്നു. വൃക്കകളുടെ വലുപ്പ വ്യത്യാസമായിരുന്നു പ്രശ്നം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും ശ്വാസംമുട്ടും മൂത്രതടസ്സവും. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തുടർച്ചയായ ശസ്ത്രക്രിയകളിൽ ഉണ്ടായ അണുബാധയാണ് കുട്ടി മരിക്കാൻ ഇടയാക്കിയതെന്ന് സൗമ്യ പറഞ്ഞു.' ശസ്‌ത്രക്രിയ നടത്തിയിരുന്നെങ്കിൽ എന്റെ കുട്ടി ജീവനോടെ ഉണ്ടാകുമായിരുന്നു' ചന്ദ്രശേഖരൻ പറഞ്ഞുതുടങ്ങുമ്പോൾ ഭാര്യ മിന്നൽറാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ജലദോഷത്തിനുള്ള ചികിത്സയ്‌ക്കായി ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദയത്തിന് തകരാറുള്ളത് അറിയുന്നത്. കോട്ടത്തറ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റർ ചെയ്തെങ്കിലും തീയതി തീരുമാനിച്ച് അറിയിക്കാമെന്ന് പറഞ്ഞു. ദിവസങ്ങൾ നീണ്ടു. ഇതിനിടയിൽ ആരോഗ്യനില മോശമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സിക്കാനാകില്ലെന്ന് പറഞ്ഞ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവിടെ എത്തുംമുമ്പേ കുട്ടി മരിച്ചു. നഷ്ടപ്പെട്ട പൊന്നോമനയെക്കുറിച്ച് മുരുകേശും ശിവകാമിയും വേദന പങ്കുവച്ചു. അഗളി കില ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സും കുഞ്ഞുങ്ങൾ നഷ്ടമായ രക്ഷിതാക്കളുടെ സങ്കടത്തിൽ കണ്ണീരണിഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് അഗളി താഴെ ഉൗരിലെ രങ്കിയും നഞ്ചിയും സംസാരിക്കുന്നുഒട്ടേറെ ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന നിലയുണ്ടായെന്ന് പിണറായി വിജയൻ പറഞ്ഞു. അവയെല്ലാം പുനഃസ്ഥാപിക്കണം. സൗകര്യങ്ങൾ വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുമെന്നും പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി. പി പ്രസാദ് എംഎൽഎയും സംസാരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി സുരേഷ് രാജ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി പി ബാബു, അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗം സി രാധാകൃഷ്ണൻ, അട്ടപ്പാടി മണ്ഡലം സെക്രട്ടറി ഡി രവി, ജെഡിഎസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ജാക്കിർ, എകെഎസ് സംസ്ഥാന ട്രഷറർ എ പി ലാൽ, ജില്ലാ സെക്രട്ടറി എം രാജൻ എന്നിവർ പിണറായിക്കൊപ്പമുണ്ടായി.









0 comments