ജലക്ഷാമത്തിൽ അട്ടപ്പാടി

അഗളി
വേനൽച്ചൂടിൽ അട്ടപ്പാടിയിലെ ജലാശയങ്ങൾ വറ്റിവരളുന്നു. ശിരുവാണി, ഭവാനി പുഴകൾ നീരൊഴുക്ക് നിലച്ച് നേർരേഖയായി. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിൽ പുറമേനിന്നുള്ളവരെത്തി കുളിക്കുന്നത് പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയാക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വിലക്ക് ലംഘിച്ചാണ് നൂറുകണക്കിന് ആളുകൾ പുഴയിൽ കുളിക്കുന്നത്. വെള്ളം മലിനമാകുന്നതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തുന്നു. ഞായറാഴ്ച പുഴയിലിറങ്ങിയ തമിഴ്നാട് സ്വദേശികളായ സഞ്ചാരികൾക്ക് 8,500 രൂപ ഷോളയൂർ പഞ്ചായത്ത് പിഴ ചുമത്തി. പ്രദേശത്ത് ഡിസംബർമുതൽ ഫെബ്രുവരിവരെ 18 ഡിഗ്രി മുതൽ 32 വരെയാണ് ചൂട് രേഖപ്പെടുത്തിയത്. എന്നാലിപ്പോൾ 41 ഡിഗ്രിവരെ ചൂട് ഉയരുകയാണ്. 2021ൽ കടുത്ത വേനലിനിടയിൽ മഴ ലഭിച്ചതിനാൽ 37 ഡിഗ്രിവരെയാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 2022ലും സാധാരണ വേനൽമഴ ലഭിച്ചതിനാൽ 38 വരെ ചൂട് ഉയർന്നു. 2023ലും 24ലും സ്ഥിതി വ്യത്യസ്ഥമാണ്. വരൾച്ചാസമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. 39ഉം 40ഉം ഡിഗ്രിവരെ ഉയർന്നു. 2025ൽ ചൂട് 41 ഡിഗ്രി വരെ ഉയർന്നിട്ടുണ്ടെങ്കിലും നല്ല മഴ ലഭിച്ചതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ചൂടിൽ ഓരോ വർഷവും ക്രമാനുഗതമായ ഉയർച്ച കാണാനാകുന്നു. ഇത്തവണ ഏപ്രിലിൽ തന്നെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും പഞ്ചായത്ത് ടാങ്കറിൽ കുടിവെള്ളം എത്തിച്ചുനൽകുന്ന സ്ഥിതിയാണ്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികളെ അതിർത്തിയിൽ തടഞ്ഞ് ബോധവൽക്കരണം നൽകിയേ കടത്തിവിടാവൂ എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.










0 comments