യൂഡിഎഫിൽ തർക്കവും പിണക്കവും
എൽഡിഎഫ് കൺവൻഷനുകൾ ഇന്ന് പൂർത്തിയാകും

പ്രത്യേക ലേഖകൻ
Published on Mar 22, 2026, 12:00 AM | 1 min read
പാലക്കാട്
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് ബഹുദൂരം മുന്നേറിയ എൽഡിഎഫ്, മണ്ഡലം കൺവൻഷനുകൾ ഇന്ന് പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഞായറാഴ്‌ചതന്നെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് റോഡ് ഷോ നടത്തി. 17 മുതൽ മണ്ഡലം കൺവൻഷനുകളും തുടങ്ങി. ഞായറാഴ്‌ച തൃത്താല മണ്ഡലം കൺവൻഷൻ ചേരുന്നതോടെ ജില്ലയിലെ 12 മണ്ഡലങ്ങളിലും കൺവൻഷനുകൾ പൂർത്തിയാകും. ഒരാഴ്‌ചക്കകംതന്നെ പ്രചാരണരംഗത്ത് മേൽക്കൈ നേടിയ എൽഡിഎഫ് സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശനിയാഴ്‌ച ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകിയതോടെ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി മണ്ഡലങ്ങളിൽ സീകരണപരിപാടികൾക്ക് തുടക്കം കുറിച്ചു. ലോക്കൽ, പഞ്ചായത്ത് കൺവൻഷനുകളും ഉടൻ പൂർത്തിയാകും. ആദ്യ ഘട്ടത്തിൽതന്നെ എൽഡിഎഫ് മുന്നേറിയതിന്റെ അസഹിഷ്‌ണുതയിൽ യുഡിഎഫും ബിജെപിയും അങ്കലാപ്പിലാണ്. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിലും ലീഗിലും എതിർപ്പ് ശക്തമാണ്. ഷാഫിയുടെ നോമിനിയെ ഇനിയും ചുമക്കണോ എന്നാണ് ചില കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽനിന്നുതന്നെയുള്ള പൊതുസമ്മതനായതോടെ യുഡിഎഫ് പരാജയ ഭീതിയിലാണ്. മണ്ണാർക്കാട് സ്ഥാനാർഥിയെ മാറ്റിയില്ലെങ്കിൽ വിമത സ്ഥാനാർഥിയുണ്ടാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി. വിമത കൺവൻഷനും വിളിച്ചിട്ടുണ്ട്. പട്ടാമ്പി സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനം വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിൽ ഉണ്ടാക്കിയത്. അവിടെ വിമതനായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി വ്യക്തമാക്കി കഴിഞ്ഞു. നെന്മാറ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകി വഞ്ചിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി കെ സി പ്രീത് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇയാളുടെ ഏറ്റവും അടുത്ത അനുയായിയും പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ആർ പ്രാണേഷ് രാജിവച്ച് ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയായി. തർക്കം തീരാതെ കൺവൻഷനുകൾ പോലും വിളിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.










0 comments