സ്വപ്‌നങ്ങൾക്ക് ട്രാക്കൊരുക്കി അനാമിക

അനാമിക പോളണ്ടിലെ സ്‌പാല ഒളിന്പിക്‌സ് ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്തുന്നു

ജിജോ ജോർജ്
Published on Sep 04, 2026, 12:59 AM | 2 min read
ജപ്പാനിലെ ഐചി – നഗോയ നഗരത്തിൽ 19 മുതൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയാണ് ഹെപ്‌റ്റാത്തലൺ താരം കെ എ അനാമിക. ഭുവനേശ്വറിലെ ഇന്ത്യൻ ക്യാന്പിൽ തീവ്ര പരിശീലനത്തിലാണ് പാലക്കാട് പിരായിരി കൊടുന്തിരപ്പുള്ളി സ്വദേശിനി. മാത്തൂർ സിഎഫ്‌ഡി സ്‌കൂളിൽനിന്ന് തുടങ്ങി രാജ്യാന്തര താരമായി വളർന്ന അനാമികയുടെ ജീവിത ട്രാക്കിലൂടെ ഒരു ചെറുസഞ്ചാരം...
പാലക്കാട്
മാത്തൂർ സിഎഫ്‌ഡി സ്‌കൂൾ മുറ്റത്ത് നിൽക്കുന്പോൾ അത്ര വലിയ സ്വപ്‌നങ്ങളൊന്നും കെ എ അനാമിക എന്ന എട്ടാം ക്ലാസുകാരിയുടെ മനസ്സിലുണ്ടായിരുന്നില്ല. ജീവിത പ്രതിസന്ധികളിൽനിന്നും രക്ഷപ്പെടാനുള്ള മറുമരുന്നായിരുന്നു മൈതാനം. പതിയെ സ്‌പോർട്‌സിനെ സ്‌നേഹിച്ചു. ട്രാക്ക് ജീവശ്വാസമായി. ലോങ്‌ജന്പിലായിരുന്നു തുടക്കം. പിന്നീട് 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും പയറ്റി. പത്ത് വർഷങ്ങൾക്ക് ഇപ്പുറം രാജ്യത്തെ എറ്റവും മികച്ച ഹെപ്‌റ്റാത്തലൺ താരമായി. ഇന്നിപ്പോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ഇൗ ഇരുപത്തിരണ്ടുകാരി. സഹോദരൻ കെ എ അഖിലിന്റെ പാത പിന്തുടർന്നാണ് സ്‌പോർട്‌സിലേക്ക് വരുന്നത്. സിഎഫ്‌ഡി സ്‌കൂളിലെ കായികാധ്യാപകൻ കെ സുരേന്ദ്രനാണ് അനാമികയിലൊരു കായിക താരമുണ്ടെന്ന് തിരിച്ചറിയുന്നത്. സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ ലോങ്‌ജന്പിൽ സ്വർണം നേടിയായിരുന്നു തുടക്കം. ദേശീയ ജൂനിയർ മീറ്റിൽ 400 മീറ്ററിൽ സ്വർണവും ട്രയാത്തലണിൽ മൂന്നാം സ്ഥാനവും നേടി. ബിരുദ പഠനത്തിന് പാലക്കാട് മേഴ്‌സി കോളേജിൽ ചേർന്നതോടെ ഹെപ്‌റ്റാത്തലണിലേക്ക് വഴിമാറി. 2023ൽ സായിയുടെ നാഷണൽ സെന്റർ ഓഫ് എക്‌സലൻസ്(എൻസിഒഇ) സ്‌കീമിൽ ഇടംനേടി. തിരുവനന്തപുരത്തെ സായിയുടെ പരിശീലന സംവിധാനവും യുവ പരിശീലകൻ അരുൺലാലിന്റെ കോച്ചിങ്ങുമെല്ലാം അനാമികയുടെ കായിക ജീവിതത്തിൽ കരുത്തായി. രണ്ടുതവണ ദേശീയ ജൂനിയർ മീറ്റിലും രണ്ടുതവണ അഖിലേന്ത്യാ അന്തർ സർവകലാശാല മീറ്റിലും ഹെപ്‌റ്റാത്തലണിൽ സ്വർണം നേടി. 2025ൽ ചെന്നൈയിൽ നടന്ന ദേശീയ ഇന്റർസ്‌റ്റേറ്റ് സീനിയർ അത്‌ലറ്റിക്‌സിലും റാഞ്ചിയിൽ നടന്ന ഓപ്പൺ നാഷണൽ ചാന്പ്യൻഷിപ്പിലും മെഡൽ നേടി. ഇൗ വർഷം ചൈനയിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ നാലാംസ്ഥാനവും നേടി. രണ്ട് മാസംമുന്പ് പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. അനീഷിന്റെയും സുമയുടെയും മകളാണ്. ദേശീയ കായിക താരമായ സഹോദരൻ കെ എ അഖിൽ ഇന്ത്യൻ നേവിയിൽ(കൊച്ചി) ജോലി ചെയ്യുന്നു.
‘‘ ആദ്യമായി ഏഷ്യൻ ഗെയിംസിന് പോകുന്നതിന്റെ ആകാംക്ഷയുണ്ട്. അഖിലേന്ത്യാ അത്‌ലറ്റിക്‌സ് ഫെഡറേഷൻ നേതൃത്വത്തിൽ പോളണ്ടിലും ചെക് റിപ്പബ്ലിക്കിലുമായി നടന്ന പരിശീലനം ഏറേ ഗുണകരമായി. ഒളിന്പിക്‌സ് മെഡൽ ജേതാക്കളായ താരങ്ങളുടെ പരിശീലന രീതികൾ കാണാനും അവരെ പരിചയപ്പെടാനുമെല്ലാം അവസരം കിട്ടി. ജപ്പാനിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാകുമെന്നാണ് കരുതുന്നത്. നല്ല മെഡൽ പ്രതീക്ഷയുണ്ട്. എല്ലാവരുടെയും പിന്തുണയുണ്ടാകണം’’.
- കെ എ അനാമിക
‘
‘ഏഷ്യയിലെ മികച്ച ഹെപ്‌റ്റാത്തലൺ താരങ്ങളിലൊരാളായി അനാമിക മാറിക്കഴിഞ്ഞു. നിലവിൽ ഏഷ്യൻ റാങ്കിൽ നാലാം സ്ഥാനത്താണ്. മികച്ച പ്രകടനം പുറത്തെടുത്താൽ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് മെഡൽ സമ്മാനിക്കാൻ അനാമികയ്‌ക്ക് കഴിയും’’.
-അരുൺലാൽ (ജെഎസ്‌ഡബ്ല്യു പരിശീലകൻ, പാലക്കാട് കല്ലടിക്കോട് സ്വദേശി)
ഹെപ്‌റ്റാത്തലൺ
അത്‌ലറ്റിക്‌സിലെ വ്യത്യസ്‌തമായ ഏഴ് ഇനങ്ങളുള്ള കായിക മത്സരം. 100 മീറ്റർ ഹർഡിൽസ്, ഹൈജമ്പ്, ഷോട്ട്പുട്ട്, 200 മീറ്റർ ഓട്ടം, ലോങ്ജമ്പ്, ജാവലിൻ ത്രോ, 800 മീറ്റർ ഓട്ടം എന്നിവയാണ് ഇനങ്ങൾ. ഓരോ ഇനത്തിലെയും പ്രകടനത്തിന് താരങ്ങൾക്ക് പോയിന്റ് ലഭിക്കും. ഏഴ് ഇനങ്ങൾ കഴിയുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന താരം ഒന്നാംസ്ഥാനം നേടും. വനിതകളാണ് മത്സരിക്കുക.










0 comments